സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

പി മോഹനന്റെ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. കോടിയേരി ബാലകൃഷ്ണന്റെ അസാന്നിധ്യത്തിലാണ് യോഗം. പി മോഹനന്റെ പ്രസ്താവന മുസ്ലിം സമുദായത്തിന് എതിരാണെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.

പി മോഹനന്റെ പ്രസ്താവനയോട് സംസ്ഥാന നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മുസ്ലിം തീവ്രവാദത്തോടുള്ള എതിര്‍പ്പാണ് പി മോഹനന്‍ പറഞ്ഞതെന്നും അത് മുസ്ലിം സമുദായത്തിന് എതിരാകുന്നത് എങ്ങനെയെന്നുമാണ് ചില സംസ്ഥാന നേതാക്കള്‍ ഉന്നയിക്കുന്ന ചോദ്യം. ചികിത്സ കഴിഞ്ഞ് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയെങ്കിലും ഇന്നത്തെ യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കില്ല.

അതേസമയം 13 ദിവസത്തെ വിദേശ പര്യടനത്തിന് മുഖ്യമന്ത്രി ഇന്ന് യാത്രതിരിക്കും. മന്ത്രിമാരായ ഇ പി ജയരാജനും എ കെ ശശീന്ദ്രനും ജപ്പാന്‍ യാത്രാ സംഘത്തിലുണ്ട്. ജപ്പാനു പിന്നാലെ കൊറിയയിലും സംഘം സന്ദര്‍ശനം നടത്തും. സംസ്ഥാന വികസനത്തിന് പണം കണ്ടെത്തുക, ഗതാഗത മേഖലയിലെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ മനസിലാക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top