‘ക്ലാസിലെ ചെരുപ്പുപയോഗം വിലക്കരുത്; പാഴ് വസ്തുക്കൾ നീക്കം ചെയ്യണം’; സ്‌കൂളുകൾക്ക് ഡിപിഐയുടെ സർക്കുലർ

സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ ക്ലാസ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ് മരണപ്പെട്ട പശ്ചാത്തലത്തിൽ സ്‌കൂളുകൾക്ക് ഡിപിഐയുടെ സർക്കുലർ. ക്ലാസിൽ ചെരുപ്പുപയോഗം വിലക്കരുതെന്നും സ്‌കൂൾ അങ്കണത്തിനകത്തെ പാഴ് വസ്തുക്കൾ നീക്കം ചെയ്യണമെന്നും സർക്കുലറിൽ പറയുന്നു.

30ന് മുമ്പ് സ്‌കൂളുകളിൽ പിടിഎ യോഗം ചേരണം. സ്‌കൂളിലെ പരിസരം വൃത്തിയാക്കണം. ക്ലാസുകളിലെ വിള്ളലുകൾ അടയ്ക്കണം. പാഴ് വസ്തുക്കൾ നീക്കം ചെയ്യണം. ക്ലാസിലെ ചെരുപ്പുപയോഗം വിലക്കരുത്. ഇത് സംബന്ധിച്ച് ഡിസംബർ 10ന് മുമ്പ് വിദ്യാലയങ്ങൾ ഡിപിഐക്ക് റിപ്പോർട്ട് നൽകുകയും വേണം.

Read Also : ഷഹ്‌ല ഷെറിന്റെ മരണം; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

നവംബർ 20ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്. കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More