‘അവഗണിക്കുന്നവർ തേടിയെത്തുന്ന കാലം വരും ബ്രോ’; സഞ്ജുവിന് പിന്തുണയുമായി ആരാധകർ

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 ഏകദിന പരമ്പരക്കുള്ള ടീമിൽ നിന്ന് തഴഞ്ഞതിന് പിന്നാലെ സഞ്ജു സാംസണിനെ
പിന്തുണച്ച് ആരാധകർ. പ്രഖ്യാപനം വന്നതിന് പിന്നാലെ ഫേസ്ബുക്കിൽ ഒരു സ്‌മൈലി പോസ്റ്റു ചെയ്ത് പ്രതികരിച്ച സഞ്ജുവിന് കമന്റുകളുടെ രൂപത്തിലാണ് ആരാധകർ പിന്തുണ നൽകിയത്.

അവഗണിക്കുന്നവർ തേടിയെത്തുന്ന കാലം വരുമെന്ന് ആരാധകരിൽ ഒരാൾ കമന്റിട്ടു. സഞ്ജു മുന്നോട്ട് സധൈര്യം പോകണമെന്നായിരുന്നു മറ്റൊരു കമന്റ്. ‘അവഗണനയിലും ചിരിക്കുന്ന പ്രിയ സഞ്ജു, നിന്റെ കഴിവിനെ അവർ തിരിച്ചറിയുന്ന ഒരു കാലം വരുമെന്ന് മറ്റൊരു ആരാധകൻ പറഞ്ഞു. സെലക്ഷൻ കമ്മിറ്റിക്കെതിരായ മലയാളി ആരാധകരുടെ അമർഷവും കമന്റുകളിൽ നിറഞ്ഞു.

വിൻഡീസിനെതിരായ ടി-20, ഏകദിന പരമ്പരകൾക്കുള്ള ടീമിനെ ഇന്നലെ വൈകീട്ടാണ് തെരഞ്ഞെടുത്തത്. ഇരു ടീമിലും ഋഷഭ് പന്താണ് വിക്കറ്റ് കീപ്പർ. വിരാട് കോലിയാണ് നായകൻ. തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നത് മൂലം രോഹിത് ശർമ്മക്ക് വിശ്രമം അനുവദിക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. രോഹിതിനൊപ്പം മോശം ഫോമിലുള്ള ശിഖർ ധവാനും ടീമിൽ ഇടം നേടി. ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ ടീമിലേക്ക് മടങ്ങി എത്തിയപ്പോൾ സഞ്ജു സാംസൺ, ഷർദ്ദുൽ താക്കൂർ, കൃണാൽ പാണ്ഡ്യ, രാഹുൽ ചഹാർ എന്നിവർ പുറത്തായി. ഏകദിന ടീമിൽ നവദീപ് സെയ്‌നിക്ക് പകരം ദീപക് ചഹാറും ഖലീൽ അഹ്മദിന് പകരം ശിവം ദുബേയും ടീമിൽ ഇടംപിടിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top