മോഡറേഷൻ ക്രമക്കേട്; ബോധപൂർവമായ കൃത്രിമം നടന്നിട്ടില്ലെന്ന് കേരള സർവകലാശാല

മോഡറേഷൻ ക്രമക്കേടിൽ ബോധപൂർവമായ കൃത്രിമം നടന്നിട്ടില്ലെന്ന് കേരള സർവകലാശാല. മോഡറേഷൻ അപ്‌ഡേറ്റ് ചെയ്യാനുള്ള പ്രോഗ്രാം കോഡിൽ അപാകത സംഭവിച്ചതിനാൽ കമ്പ്യൂട്ടർ സെൽ ഡയറക്ടർ വിനോദ് ചന്ദ്രയെ സസ്‌പെൻഡ് ചെയ്തു. നിലവിലെ പാസ്വേർഡുകൾ ക്യാൻസൽ ചെയ്യാനും , കമ്പ്യൂട്ടർ ആഡിറ്റിങ്ങളടക്കമുള്ള തുടരന്വേഷണത്തിന് സീഡാക്കിനെ ചുമതലപ്പെടുത്താനും സിൻഡിക്കേറ്റിൽ തീരുമാനമായി.
727 വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിലാണ് പ്രശ്‌നമുണ്ടായത്.ഇതിൽ ഡൗൺലോഡ് ചെയ്ത 390 വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് ക്യാൻസൽ ചെയ്യാൻ സിൻഡിക്കേറ്റിൽ തീരുമാനമായി.മോഡറേഷൻ അപ്‌ഡേറ്റ് ചെയ്യാനുള്ള പ്രോഗ്രാം കോഡിലെ അപാകത സംഭവിച്ചു.സോഫ്റ്റ് വെയറിലെ അപാകത പരിഗണിച്ചില്ലെന്ന് വിലയിരുത്തി കംപ്യൂട്ടർ സെൽ ഡയറക്ടർ വിനോദ് ചന്ദ്രയെ സർവകലാശാല സസ്‌പെൻഡ് ചെയ്തു. പൊതു സമൂഹത്തിൽ സംശയം നിലനിൽക്കുമ്പോൾ അവധി ദിവസം കംപ്യൂട്ടർ സെന്റർ തുറന്ന് പ്രവർത്തിച്ചത് വീഴ്ച്ചയാണെന്നും സിൻഡിക്കേറ്റ് വിലയിരുത്തി.
Read Also : കേരള സർവകലാശാല മോഡറേഷൻ ക്രമക്കേട്; സോഫ്റ്റ്‌വെയറിനെ പഴിചാരി വിദഗ്ധ സമിതി റിപ്പോർട്ട്
വിദഗ്ധ അന്വേഷണത്തിനും, സോഫ്റ്റ് വെയർ നവീകരണത്തിനുമായി സിഡാക്കിനെ ചുമതലപ്പെടുത്താനും സിൻഡിക്കേറ്റിൽ തീരുമാനമായി.
നിലവിലെ പാസ്വേർഡുകൾ ക്യാൻസൽ ചെയ്യും. മൂന്ന് മാസം കൂടുമ്പോൾ പാസ് വേർഡ് മാറ്റാനും തീരുമാനമായി.പി.വി.സി യുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണം തുടരാനാണ് സർവകലാശാലയുടെ തീരുമാനം. വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറും. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് ജില്ലാ ക്രൈംബ്രാഞ്ച്.ക്രമക്കേട് കേസെടുത്ത് അന്വേഷിക്കുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here