‘അങ്ങനെയാണ് ചോലക്ക് ജീവൻ വയ്ക്കുന്നത്’: സനൽ കുമാർ ശശിധരൻ

നിമിഷ സജയന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി കൊടുത്ത ചിത്രമാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല. ഡിസംബർ ആറിന് ചിത്രം തിയേറ്ററുകളിൽ എത്തും. സെക്‌സി ദുർഗ തിയേറ്ററിൽ നിന്ന് കണ്ടിറങ്ങിയ നിമിഷ സജയനെ കാണുമ്പോഴാണ് ചോലക്ക് ജീവൻ വച്ചതെന്ന് സനൽ കുമാർ പറയുന്നു.

നിമിഷ സജയൻ നാളെയുടെ ഫിലിം മേക്കറാണെന്ന് പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് സനൽ കുമാർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അപാരമായ ഫ്രെയിംമിംഗ് സെൻസുള്ള സ്ത്രീയാണ് നിമിഷയെന്ന് സനൽ കുമാർ പറയുന്നു. സെക്‌സി ദുർഗ തിയേറ്ററിൽ നിന്നും കണ്ട ഏക മലയാള ചലച്ചിത്ര പ്രവർത്തക നിമിഷയായിരിക്കുമെന്നും സനൽ പറഞ്ഞുവയ്ക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നിമിഷ സജയൻ നാളെയുടെ ഫിലിം മേക്കറാണ്. അവരുടെ വരകളിലും വരികളിലും അത് പ്രകടമാണ്. അപാരമായ ഫ്രെയിംമിംഗ് സെൻസുള്ള സ്ത്രീ. ചോലയിൽ അവർ ശ്രദ്ധയിൽ പെടുത്തിയ ഒരു ഷോട്ടുണ്ട്. സൂക്ഷ്മതയെ ഒപ്പിയെടുക്കാനുള്ള അഭിനിവേശം ആ ചൂണ്ടിക്കാട്ടലിലുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷക്ക്. സെക്‌സി ദുർഗ തിയേറ്ററിൽ നിന്നും കണ്ട ഏക മലയാള ചലച്ചിത്ര പ്രവർത്തക അവരായിരിക്കും. ഏറെമുൻപ് എഴുതി നടന്ന് തളർന്നുപേക്ഷിച്ച ഒരു സ്‌ക്രിപ്ടിനെക്കുറിച്ച് വീണ്ടും ഓർക്കുന്നതു തന്നെ സെക്‌സി ദുർഗയുടെ പ്രദർശനം എറണാകുളത്തെ ഒരു തിയേറ്ററിൽ നടക്കുമ്പോൾ അവിടെ വെച്ച് അവരെ കാണുമ്പോഴാണ്. ഈടയും തൊണ്ടിമുതലും കണ്ടിഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അവരെ ഉൾപെടുത്തി ഒരു സിനിമ ചെയ്യണമെന്നൊന്നും ഞാൻ ആലോചിച്ചിരുന്നില്ല. പക്ഷെ സെക്‌സി ദുർഗ തിയേറ്ററിൽ നിന്നു കാണണമെന്ന് അവർക്ക് തോന്നി എന്നത് ഇവരോടൊപ്പം സിനിമ ചെയ്യണമല്ലോ എന്ന ഒരാഗ്രഹമുണ്ടാക്കി. അങ്ങനെയാണ് ചോലക്ക് ജീവൻ വെക്കുന്നത്. നിമിഷക്ക് ചോലയിൽ അങ്ങനെയൊരു റോളുണ്ടായിരുന്നെന്ന് നിമിഷക്കറിയില്ല ഇതുവരെ. ജനങ്ങൾ കാണും മുൻപേ തന്നെ ചോല, നിമിഷ സജയൻ എന്ന നടിയെ എക്കാലത്തേക്കും അടയാളപ്പെടുത്തി എന്നതിൽ വലിയ സന്തോഷമുണ്ട്. ഡിസംബർ 6 ന് അവർ കാണികളുടെ ഹൃദയം കീഴടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top