ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് രണ്ടു മരണം; പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ആംബുലൻസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ഇടുക്കി ബേസൻവാലിയിൽ മുട്ടുകാടിനു സമീപം തോട്ടം തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് രണ്ട് മരണം. നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.
രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആകെ 15 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. കൂടുതലും സ്ത്രീകളായിരുന്നു. സൂര്യനെല്ലി സ്വദേശിനിയായ കാർത്തിക സുരേഷ് തത്ക്ഷണം മരിച്ചു. മറ്റ് 14 പേരെ സമീപത്തുള്ള രാജകുമാരി ദേവമാത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലു പേരുടെ നില അതീവഗുരുതരമാണെന്ന് കണ്ടെത്തി. ഇവരെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ള 10 പേരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച 10 പേരിൽ ഒരാളാണ് രണ്ടാമതായി മരിച്ചത്. അമല എൻ സെൽവം എന്ന തൊഴിലാളിയാണ് മരണപ്പെട്ടത്.
ഇതിനിടെ നാലു പേരുമായി തേനി മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസ് ഒരു ബൈക്കുമായി കൂട്ടിയിടിക്കുകയും ബൈക്ക് യാത്രക്കാരൻ മരിക്കുകയും ചെയ്തു. ആംബുലൻസ് ഡ്രൈവറിനുൾപ്പെടെ ഈ അപകടത്തിൽ പരുക്കേറ്റു.
മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച തൊഴിലാളികളുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല. എല്ലാവരും ഗുരുതരമായി തുടരുകയാണ്. മരണസംഘ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here