സൂപ്പർ ക്ലാസ് ബസുകളുടെ കാലപരിധി തീരുന്ന സാഹചര്യത്തിൽ വാടകബസുകൾ നിരത്തിലിറക്കാൻ കെഎസ്ആർടിസി

സൂപ്പർ ക്ലാസ് ബസുകളുടെ കാലാവധി ഡിസംബറിൽ തീരുന്ന സാഹചര്യത്തിൽ ക്ഷാമം പരിഹരിക്കാൻ 50 ബസുകൾ വാടക വ്യവസ്ഥയിൽ നിരത്തിലിറക്കാൻ കെഎസ്ആർടിസി. നിലവിലെ 10 വാടക സ്‌കാനിയ ബസുകളുടെ കരാർ പരിധി തീർന്ന സാഹചര്യത്തിൽ, ഈ കുറവ് പരിഹരിക്കാനും പുതിയ വാടക വ്യവസ്ഥയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം കേന്ദ്ര പദ്ധതിയായ ഫേമിന്റെ(ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ്) സഹായത്താൽ 250 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കാനും ആലോചനയുണ്ട്.

‘ഫേം’ പദ്ധതിയിൽ മുൻപ് ഉണ്ടായിരുന്ന കർശന നിബന്ധനകൾ പരിഷ്‌കരിച്ചാണ് പുതിയ നിബന്ധനകൾക്ക് രൂപം നൽകിയിരിക്കുന്നത്. സൂപ്പർ ക്ലാസ് അടക്കം വിവിധ ഇനങ്ങളിലെ 50 വാടക ബസുകൾ സാധ്യമാകും വേഗത്തിൽ നിരത്തിലിറക്കി പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം. കഴിഞ്ഞ രണ്ട് ബജറ്റുകളിലായി കിഫ്ബി ധനസഹായത്താൽ 3000 പുതിയ ബസുകൾ വാങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കിഫ്ബി വായ്പ ലഭിക്കുന്നതിനായി രണ്ട് ശതമാനം പലിശയും ഡിപ്പോകൾ ഈടു നൽകണമെന്ന വ്യവസ്ഥ കെഎസ്ആർടിസി അംഗീകരിക്കാൻ തയാറായില്ല. ഇതു മൂലം കഴിഞ്ഞ വർഷം ഒരു ബസ് പോലും നിരത്തിലിറക്കാൻ കഴിഞ്ഞിരുന്നില്ല.

അതേസമയം, നിലവിൽ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഏഴുവർഷം പിന്നിട്ട 390 ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ബസുകളുടെ കാലപരിധിയും അവസാനിക്കാറായിട്ടുണ്ട്. കാലപ്പഴക്കമുള്ള ഈ ബസുകൾക്ക് ശേഷിക്കുന്ന 13 വർഷം ഓർഡിനറി സർവീസുകൾ മാത്രമേ നടത്താൻ കഴിയു. ശബരിമല സീസണോട് അനുബന്ധിച്ച് പുതിയ ബസുകൾ വാങ്ങുകയും മണ്ഡലകാലത്തിന് ശേഷം ഇവ വിവിധ ഡിപ്പോകൾക്കായി നൽകുകയുമായിരുന്നു പതിവ്. എന്നാൽ, രണ്ട് വർഷത്തിലധികമായി ഈ പതിവും തെറ്റി.

Story highlight: ksrtc ,super-class-buses

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top