പിഎസ്‌സി പരീക്ഷയ്ക്ക് പോകുന്നതിനിടെ പഴ്‌സ് നഷ്ടപ്പെട്ടു; ലൈസൻസ് എത്തിച്ച് നൽകി പൊലീസ്

പിഎസ്‌സി പരീക്ഷയ്ക്ക് പോകുന്നതിനിടെ പഴ്‌സ് നഷ്ടപ്പെട്ട യുവതിക്ക് ലൈസൻസ് എത്തിച്ചു നൽകി പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടൽ മൂലം ആറാട്ടുപുഴ സ്വദേശിനി ദീപയ്ക്ക് പരീക്ഷ എഴുതാൻ സാധിച്ചു. ഇന്നലെയാണ് സംഭവം.
ആറാട്ടുപുഴ കള്ളിക്കാട് തകിടിയിൽ വീട്ടിൽ രാജേഷ് കുമാറിന്റെ ഭാര്യയാണ് ദീപ. നീർക്കുന്നം ഗവൺമെന്റ് യുപി സ്‌കൂളാണ് ദീപയ്ക്ക് പരീക്ഷാ സെന്ററായി ലഭിച്ചത്. സ്‌കൂട്ടറിൽ തൊട്ടപ്പള്ളിയിൽ എത്തിയ ശേഷം അവിടെ സ്‌കൂട്ടർ വച്ച് വണ്ടാനം മെഡിക്കൽ കോളജ് ബസിൽ സ്‌കൂളിലേക്ക് എത്തുകയായിരുന്നു. യാത്രയ്ക്കിടയിൽ ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ്, എ ടി എം കാർഡ് എന്നിവ അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടു. ആലപ്പുഴ മെഡിക്കൽ കോളജ് എയിഡ് പോസ്റ്റിലെത്തി പരാതി നൽകി.
എയിഡ് പോസ്റ്റിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ ബിന്ദു പണിക്കർ ഉടൻ തന്നെ പരീക്ഷാ സെന്ററിൽ എത്തി പരീക്ഷാ ജീവനക്കാരോട് കാര്യങ്ങൾ ധരിപ്പിച്ചു. ഈ സമയം, സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ സിവിൽ പൊലീസ് ഓഫീസർ എം. കെ വിനിൽ ദീപയോടൊപ്പം ബൈക്കിൽ തൊട്ടപ്പള്ളിയിലേക്ക് തിരിച്ചു. ഇടയ്ക്ക് അമ്പലപ്പുഴയിൽവച്ച് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് തന്റ വാഹനം ഇവർക്കായി വിട്ടുകൊടുത്തു. ഡ്രൈവർ വിനോദും വിനിലും ദീപയും ഡ്രൈവിംഗ് ലൈസൻസ് എടുത്ത് പരീക്ഷയ്ക്ക് മുൻപ് തന്നെ സ്‌കൂളിൽ എത്തി. ദീപ പരീക്ഷാ ഹാളിലേക്ക് കയറി ശേഷമാണ് പൊലീസുകാർ മടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here