‘മഹാ’ രാഷ്ട്രീയ നാടകം- [24 Explainer]

രണ്ട് ദിവസമായി രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലാണ്. മുഖ്യമന്ത്രി പദത്തെ ചെല്ലിയുള്ള തര്‍ക്കത്തില്‍ ബിജെപി പാളയത്തില്‍ നിന്നും ശിവസേന പിണങ്ങിയിറങ്ങിയതോടെയാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ദേശീയതലത്തില്‍ ചര്‍ച്ചയായത്. ശേഷം എന്‍സിപി-കോണ്‍ഗ്രസ് ചേരാന്‍ തീരുമാനിച്ച ശിവസേന കേന്ദ്രമന്ത്രിപദം രാജിവച്ച്
ത്രികക്ഷി സഖ്യത്തിനും മുഖ്യമന്തി പദത്തിനുമായി തയ്യാറെടുത്തു. എന്നാല്‍ കൈയെത്തും ദൂരത്തുനിന്നാണ് സേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. രാത്രി ഇരുട്ടി വെളുത്തപ്പോള്‍ രാജ്യത്തെ ആകെ ഞെട്ടിച്ചുകൊണ്ടാണ് ഫഡ്‌നാവിസിന്റെയും അജിത് പവാറിന്റെയും സത്യപ്രതിജ്ഞ നടന്നത്. രാജ്യം ആകാംഷയോടെ ഉറ്റുനോക്കുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍
രാത്രി പുലര്‍ന്നപ്പോള്‍
ത്രികക്ഷി സഖ്യം അധികാരത്തിലേക്കുള്ള അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലായിരുന്നു. ബിജെപിയുടെ ഭീകര ട്വിസ്റ്റ്. വെള്ളിയാഴ്ച്ച വൈകിട്ട് 4.30ന് മുംബൈയില്‍ എന്‍സിപി,കോണ്‍ഗ്രസ്,സേന ത്രികക്ഷി സഖ്യയോഗം ചേര്‍ന്നു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാന്‍ യോഗത്തില്‍ ധാരണയായി. ഈ യോഗത്തിനിടെ അഭിഭാഷകനെ കാണാനെന്ന് പറഞ്ഞ് അജിത് പവാര്‍ മടങ്ങുന്നു. യോഗത്തില്‍ നിന്ന് മുങ്ങിയ അജിത് പവാര്‍ രാത്രി 11.30ന് പൊങ്ങിയത് ബിജെപി പാളയത്തില്‍. 12മണിക്ക് ത്രികക്ഷി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും മുന്‍പ് സത്യപ്രതിജ്ഞയ്ക്കായി ഫഡ്‌നാവിസ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി തേടി. ഗവര്‍ണര്‍, രാഷ്ട്രപതി ഓഫീസുകളില്‍ ഫ്ഡ്‌നാവിസിന്റെ സത്യപ്രതിജ്ഞക്കായുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അമിത് ഷായുടെ ഇടപെട്ടു.
Read also: ‘അധികാരം വരും പോകും, ബന്ധങ്ങൾക്കാണ് പ്രാധാന്യം’; അജിത് പവാറിനെ ലക്ഷ്യംവച്ച് സുപ്രിയ സുലെ
ശനിയാഴ്ച പുലര്‍ച്ചെ 12.30ന് സത്യപ്രതിജ്ഞ സംബന്ധിച്ച് രാജ്ഭവനിലേക്ക് അറിയിപ്പ് ലഭിച്ചു. ഇതിനെതുടര്‍ന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി തന്റെ ഔദ്യോഗിക ഡല്‍ഹിയാത്ര റദ്ദാക്കി. പുലര്‍ച്ചെ രണ്ട് മണിക്ക് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. രാവിലെ 7.30 സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചു. രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഒപ്പ്‌വച്ചു. ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും മുംബൈയില്‍ രാജ്ഭവനില്‍ എത്തി. അജിത് പവാറിന്റെ വിശ്വസ്തരായ എംഎല്‍എമാര്‍ കൂടെയുണ്ടെങ്കിലും സത്യപ്രതിജ്ഞ വിവരം മറച്ചുവച്ചു. 5.45ന് രാഷ്ട്രപതി ഭരണം അവസാനിപ്പിച്ചതായി അറിയിച്ച് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിജ്ഞാപനം ഇറക്കി.
7.50 ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവസിനും ഉപമുഖ്യമന്ത്രിയായി അജിത് പവാറിനും സത്യവാചകം ചൊല്ലിക്കൊടുത്തു. 8.00 മണിക്ക് സത്യപ്രതിജ്ഞാ വാര്‍ത്ത പുറത്തു വന്നു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ മാത്രമാണ് രാജ്ഭവനില്‍ സത്യപ്രതിജ്ഞാ റിപ്പോര്‍ട്ട് ചെയ്തത്. സത്യപ്രതിജ്ഞ ചെയ്ത ഫഡ്‌നാവിസ് ജനം പിന്തുണച്ചത് ബിജെപിയെയാണെന്ന് പ്രതികരിച്ചു. സ്ഥിരതയുള്ള സര്‍ക്കാരാണ് വേണ്ടതെന്ന് അജിത് പവാറും പറഞ്ഞു. സര്‍ക്കാരിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.
സത്യപ്രതിജ്ഞ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതിനിടെ ബിജെപി-എന്‍സിപി സഖ്യം അധികാരത്തിലേറിയത് തന്റെ അറിവോടെയല്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ ആദ്യ പ്രതികരണം. രാവിലെയാണ് അജിത് പവാറിന്റെ നീക്കത്തെക്കുറിച്ച് അറിഞ്ഞതെന്നും ശരത് പവാര്‍ പറഞ്ഞു. ശരത് പവാര്‍ ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തി. സഖ്യ നീക്കം ജനാധിപത്യത്തോടുള്ള ചതിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യ പ്രതികരണം. ഭീഷണിപ്പെടുത്തിയാണ് എന്‍സിപിയെ കക്ഷി ചേര്‍ത്തതെന്ന് ശിവസേനയും പ്രസ്താവനയിറക്കി.
Read also:മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; കേസ് നാളെത്തേക്ക് മാറ്റി
ബിജെപിയുമായി സഖ്യം കേരളത്തിലും തുടരുമെന്ന് എന്‍സിപി വക്താവ് പ്രതികരിച്ചതോടെ
ദേശീയ അടിസ്ഥാനത്തില്‍ എന്‍സിപി എന്‍ഡിഎയുടെ ഭാഗമാകുമെന്ന അഭ്യൂഹം പരന്നു.
എന്‍ഡിഎയുമായി എന്‍സിപി സഖ്യം രൂപീകരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ശിവസേന നേതാക്കള്‍ക്കൊപ്പം ശരത് പവാര്‍ വിമത എംഎല്‍എമാരെയും കൂട്ടി വാര്‍ത്താ സമ്മേളനം നടത്തി. ത്രികക്ഷി സഖ്യത്തിന് ഇപ്പോഴും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അംഗബലമുണ്ടെന്ന് ശരത് പവാര്‍ ഈ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. അടിയന്തരമായി വിളിച്ച് ചേര്‍ത്ത എന്‍സിപി നിയമസഭ കക്ഷിയോഗം നിയമസഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും അജിത് പവാറിനെ പുറത്താക്കി പ്രമേയം പാസാക്കി. അതേസമയം അജിത് പവാറിന് തിരിച്ച് വരാമെന്നും മുന്‍വിധികളില്ലാതെ ചര്‍ച്ചകള്‍ക്ക് തയാറാണെന്നും ശരത് പവാര്‍ പറഞ്ഞു.
ത്രികക്ഷി സഖ്യം സുപ്രിംകോടതിയില്‍
സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ത്രികക്ഷി സഖ്യം സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. ഗവര്‍ണര്‍ ചട്ടങ്ങള്‍ ലംഘിച്ച് മുന്‍വിധിയോടെ പ്രവര്‍ത്തിച്ചുവെന്ന് ശിവസേനയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രിംകോടതിയില്‍ പറഞ്ഞു. ഇന്നുതന്നെ വിശ്വാസവോട്ട് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിസഭ ചേരാതെയാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. ഇത് ശരിയായ നടപടിയല്ലെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ കത്ത് പൊതുമധ്യത്തിലില്ല. ഗവര്‍ണറുടേത് പക്ഷപാതപരമായ നടപടിയാണ്. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ കാര്യങ്ങളാണ് നടക്കുന്നത്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് മറ്റാരുടെയോ നിര്‍ദേശ പ്രകാരമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ബിജെപി-സേന സഖ്യം തകര്‍ന്നുവെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഇപ്പോഴുള്ളത് തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി കേസ് നാളെത്തേക്ക് മാറ്റിവച്ചു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട രേഖകള്‍ നാളെ രാവിലെ 10.30ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും വിശദീകരണം ചോദിച്ച് സുപ്രിം കോടതി നോട്ടീസ് അയച്ചു. അടിയന്തര വിശ്വാസ വോട്ടെടുപ്പ് വേണമെന്ന ത്രികക്ഷി സഖ്യത്തിന്റെ ആവശ്യം കോടതി തള്ളി. രേഖകള്‍ ഹാജരാക്കാനും ഭൂരിപക്ഷം തെളിയിക്കാനും മൂന്ന് ദിവസത്തെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ശനിയാഴ്ച രാത്രി തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ശിവസേനയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഡല്‍ഹിയില്‍ ഇല്ലായിരുന്നു. ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരമാണെന്നും ഹര്‍ജിയില്‍ പരമാര്‍ശിച്ചിരുന്നു. ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജി സുപ്രിംകോടതി നാളെ 10.30ന് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കും. ജസ്റ്റിസുമാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നിലവിലെ അംഗബലം
145 അംഗങ്ങളുടെ പിന്തുണയാണ് മഹാരാഷ്ട്ര നിയമസഭയില്‍ കേവലഭൂരിപക്ഷം. ബിജെപി സഖ്യത്തിന് 126 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് സൂചന(ബിജെപി-105, അജിത് പവാര്‍-4, സ്വതന്ത്രര്‍-17).
ത്രികക്ഷി സഖ്യത്തിന് 155 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം (ശിവസേന-56, എന്‍സിപി-50, കോണ്‍ഗ്രസ്-44, സ്വതന്ത്രര്‍-5). എംഎല്‍എ മാരെ കോഴിക്കുഞ്ഞുങ്ങളെ പോലെ ചിറകിനടിയില്‍ ഒളിപ്പിച്ച് വച്ചിരിക്കുകയാണിപ്പോള്‍. കേസില്‍ സുപ്രിംകോടതിയുടെ വിധി അനുസരിച്ചാവും മഹാരാഷ്ട്രയുടെ ഭാവി.
Story Highlights- 24 explainer, Maharashtra,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here