സർക്കാരിന്റെ ഭാഷാനയം പിഎസ്‌സി നടപ്പാക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ

സർക്കാരിന്റെ ഭാഷാനയം നടപ്പാക്കാൻ പിഎസ്‌സി തയ്യാറാകണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കെഎഎസ് പരീക്ഷ മലയാളത്തിൽ കൂടി നടത്തണമെന്നാവശ്യപ്പെട്ട് ഐക്യ കേരള പ്രസ്ഥാനം പിഎസ്‌സി ആസ്ഥാനത്ത് നടത്തിയ വിളക്കേന്തി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഎസ്‌സിയിലെ ദൈവങ്ങൾ യോഗ നിദ്രയിലെന്നും പരീക്ഷകൾ മലയാളത്തിലാക്കുന്ന വിഷയത്തിൽ പിഎസ്‌സി സ്വീകരിക്കുന്നത് ധിക്കാരപരമായ സമീപനമെന്നും അടൂർ വിമർശിച്ചു.
പിഎസ്‌സി ആസ്ഥാനത്തിന് മുന്നിൽ ഐക്യമലയാള പ്രസ്ഥാനം നടത്തിയ 19 ദിവസം നീണ്ടു നിന്ന സമരത്തിനൊടുവിലാണ് ചോദ്യപേപ്പർ മലയാളത്തിൽ നൽകുമെന്ന് പിഎസ്‌സി അറിയിച്ചത്. എന്നാൽ അടുത്തിടെ നടത്തിയ കെഎഎസ് വിജ്ഞാപനത്തിൽ പിഎസ്‌സി തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയതായാണ് ആക്ഷേപം. ഇതിൽ പ്രതിഷേധിച്ചായിരുന്നു പിഎസ്‌സിക്ക് മുന്നിൽ ഐക്യ മലയാള പ്രസ്ഥാനം പട്ടാപ്പകൽ, വിളക്കേന്തി സമരം സംഘടിപ്പിച്ചത്..
അടൂർ ഗോപാലകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ സർക്കാരിന്റെ അയഞ്ഞ സമീപനം അവസാനിപ്പിക്കണം. സർക്കാരിന്റെ ഭാഷാനയം നടപ്പാക്കാൻ പിഎസ്‌സിയോട് ആവശ്യപ്പെടണം. സർക്കാർ ഇക്കാര്യത്തിൽ ഉത്തരവിറക്കുകയാണ് വേണ്ടതെന്നും അടൂർ പറഞ്ഞു.
മലയാളത്തിലുള്ള ചോദ്യങ്ങൾ സ്വകാര്യത നഷ്ടപ്പെടുത്തുമെന്ന് പറയുന്നത് മലയാളികളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ഭാഷാ നയം രൂപീകരിക്കേണ്ടവരെ തെരഞ്ഞെടുക്കുന്ന പരീക്ഷയാണ് ഇംഗ്ലീഷിൽ നടത്തുന്നത്. ഇത് ജനങ്ങളോടുള്ള ധിക്കാരമാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here