നിർമാതാവ് ജോബി ജോർജുമായുള്ള പ്രശ്നം; താടിയും മുടിയും വെട്ടി ഷെയ്‌ൻ നിഗമിന്റെ പ്രതിഷേധം

നിർമാതാവ് ജോബി ജോർജുമായുള്ള ഷെയ്‌ൻ നിഗമിൻ്റെ പ്രശ്നം കൂടുതൽ വഷളാവുന്നു. കരാർ ലംഘിച്ച് താരം താടിയും മുടിയും വെട്ടിയുള്ള ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതാണ് വിവാദം പുതിയ തലത്തിലെത്തിയത്. താടി ക്ലീൻ ഷേവ് ചെയ്തും മുടി ക്രൊപ്പ് ചെയ്തുമാണ് ഷെയ്‌ൻ കരാർ ലംഘനം നടത്തിയത്.

നേരത്തെ വെയിൽ എന്ന സിനിമയുടെ നിർമാതാവ് ജോബി ജോർജ് തന്നെ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് ഷെയ്‌ൻ നിഗം രംഗത്തെത്തിയിരുന്നു. തുടർന്ന് ഷെയ്‌ൻ നിഗം മുടി വെട്ടി കണ്ടിന്യുവിറ്റി നഷ്ടപ്പെടുത്തിയെന്നാരോപിച്ച് ജോബിയും രംഗത്തെത്തി. ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും, താരസംഘടനയായ അമ്മയും നേതൃത്വം നൽകിയ ചർച്ചയിൽ ഇരുവരും പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിച്ചു. ഇനി മുടി വെട്ടില്ലെന്നും വെയിൽ ചിത്രീകരണം കഴിഞ്ഞ് മാത്രമേ പുതിയ ചിത്രം കുർബാനിയിൽ അഭിനയിക്കൂ എന്നും ഷെയ്‌ൻ സമ്മതിച്ചു.

കഴിഞ്ഞ ദിവസം വീണ്ടും ഈ വിഷയത്തിൽ വിവാദമുണ്ടായി. വെയിലിൻ്റെ സെറ്റിൽ കൃത്യമായി എത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയിനിനെ ഇനി സിനിമകളിൽ അഭിനയിപ്പിക്കേണ്ട എന്ന് തീരുമാനമെടുത്തു. തുടർന്ന്, സിനിമയുടെ സംവിധായകൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും 16 മണിക്കൂർ വരെ ഷൂട്ട് നടത്തി തന്നെ ബുദ്ധിമുട്ടിച്ചുവെന്നും വിശദീകരിച്ച് ഷെയ്‌ൻ രംഗത്തെത്തി. തുടർന്നാണ് താരം കരാർ ലംഘിച്ച് പ്രതിഷേധമറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top