‘മഹാ’രാഷ്ട്രീയ നാടകം: സുപ്രിം കോടതി അന്തിമ വിധി അൽപസമയത്തിനകം

മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ സുപ്രിം കോടതി ഇന്ന് രാവിലെ 10.30 ന് അന്തിമ വിധി പറയും. മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ വാദം കേൾക്കൽ ഇന്നലെ സുപ്രിംകോടതി പൂർത്തിയാക്കി. പരിഗണിക്കുന്നത് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയെ ചോദ്യം ചെയ്തുള്ള ത്രികക്ഷി സഖ്യത്തിന്റെ ഹർജി.
വിശ്വാസ വോട്ടെടുപ്പ് എന്ന വാദത്തിലാണ് കോൺഗ്രസിനും എൻസിപിക്കും ശിവസേനയ്ക്കും വേണ്ടി ഹാജരായ അഭിഭാഷകർ കേന്ദ്രീകരിച്ചിരുന്നത്. വിശ്വാസവോട്ടിന് 14 ദിവസത്തെ സമയം വേണമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടിരുന്നു.
Read Also: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: ത്രികക്ഷി സഖ്യത്തിന്റെ വാദങ്ങള്‍ ഇങ്ങനെ
24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടെടുപ്പില്ല എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. എംഎൽഎമാരെ കൂടെ നിർത്തുന്ന കാര്യത്തിലാണ് ഇനി പാർട്ടികൾക്ക് പ്രധാന വെല്ലുവിളി. അതേസമയം മഹാരാഷ്ട്രയിൽ ഗവർണർ നിയമസഭ വിളിച്ചുചേർക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ്.
ഇന്നലെ മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടിന് തയാറാണെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകുൾ റോത്തകി കോടതിയെ അറിയിച്ചിരുന്നു. ഭരണഘടനാവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഗവർണർക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പിന്തുണക്കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
സർക്കാർ രൂപീകരിക്കുന്നതിന് ആധാരമായ കത്തുകൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിക്ക് കൈമാറി. 170 പേരുടെ പിന്തുണയുള്ളതുകൊണ്ടാണ് ഫഡ്‌നാവിസിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചതെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ത്രികക്ഷി സഖ്യത്തിന് 154 പേരുടെ പിന്തുണയുണ്ടെന്ന് കപിൽ സിബൽ സുപ്രിംകോടതിയെ അറിയിച്ചു. അജിത് പവാർ എൻസിപി പദവികളിൽ ഇല്ലെന്നും അദ്ദേഹം സുപ്രിംകോടതിയെ അറിയിച്ചു. ഗവർണറുടെ നടപടികളിൽ ഇടപെടില്ലെന്ന് കോടതി അറിയിച്ചു.