മഹാരാഷ്ട്ര: വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി

മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും സുപ്രിം കോടതി. ജനാധിപത്യത്തിന് അപകടമുണ്ടാകുന്ന അവസ്ഥയിലാണ് കോടതി ഇടപെടൽ. ഗവർണർ അനുവദിച്ച സമയം വെട്ടിച്ചുരുക്കിയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഗവർണറുടെ നടപടി ചോദ്യം ചെയ്യാൻ കഴിയുമെന്ന് കോടതി തെളിയിച്ചിരിക്കുകയാണ് ഇന്നത്തെ വിധിയിലൂടെ.
ഭരണഘടനക്ക് വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ കോടതിക്ക് ഇടപെടാമെന്ന മുഖവുരയോട് കൂടിയാണ് വിധിയുടെ തുടക്കം. ബിജെപിയുടെ ആവശ്യങ്ങൾ കോടതി നിരാകരിച്ചു. സംസ്ഥാനത്ത് ഭരണഘടനാപരമായ വിഷയം നിലനിൽക്കുന്നുണ്ട്. ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലോ കോടതിയിലോ അല്ല മറിച്ച് നിയമസഭയിലാണെന്നും സുപ്രിം കോടതി. ഫഡ്‌നാവിസ് സർക്കാർ വിശ്വാസ വോട്ട് തേടണമെന്നും നാളെ വൈകിട്ട് അഞ്ചിന് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി നിർദേശമുണ്ട്.
Read Also: മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിം കോടതി; ബിജെപിക്ക് തിരിച്ചടി
ഗവർണർ ഭഗത് സിംഗ് കോഷിയാരി പ്രോടേം സ്പീക്കറെ നിയോഗിച്ച് വിശ്വാസവോട്ടെടുപ്പ് നടത്തണം. സഭയിലെ മുതിർന്ന നേതാവിനെയായിരിക്കും പ്രോ ടേം സ്പീക്കറായി നിയോഗിക്കുക. ശേഷം എംഎൽഎമാരുടെ സത്യപ്രതിജ്ഞയും വേണം. നാളെ രാവിലെത്തന്നെ സഭ വിളിച്ച് ചേർക്കണമെന്നും കോടതി പറഞ്ഞു. സ്പീക്കറെ തെരഞ്ഞെടുപ്പും നടക്കണമെന്നും ഉത്തരവിലുണ്ട്.
ഏഴ് മുതൽ 14 ദിവസം വരെയുള്ള സമയമാണ് ബിജെപി ആവശ്യപ്പെട്ടിരുന്നത്. ഇന്നലെ 162 എംഎൽഎമാർ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെട്ട് മഹാവികാസ് അഘാഡി രംഗത്തെത്തി. ഭൂരിപക്ഷം തികയ്ക്കാൻ ബിജെപിക്ക് 20 എംഎൽഎമാരെ വേണമെന്നാണ് വിവരം.
അവധി ദിവസമായ ഞായറാഴ്ച ആദ്യം വാദം കേട്ട കോടതി വിശ്വാസ വോട്ടെടുപ്പെന്ന ത്രികക്ഷി സഖ്യത്തിന്റെ ആവശ്യം അംഗീകരിച്ചിരുന്നില്ല. ഹർജി അടുത്ത ദിവസത്തിലേക്ക് മാറ്റിയ കോടതി, തിങ്കളാഴ്ച ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പറച്ചിൽ ഇന്നത്തേക്ക് മാറ്റിയത്.
Maharashtra, supreme court judgement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here