സര്‍ക്കാരിന്റെ സഹായത്തോടെ ഒരു യുവതിക്കും ശബരിമലയില്‍ പ്രവേശിക്കാനാവില്ല: എ കെ ബാലന്‍

സര്‍ക്കാരിന്റെ സഹായത്തോടെ ഒരു യുവതിക്കും ശബരിമലയില്‍ പ്രവേശിക്കാനാവില്ലെന്ന് മന്ത്രി എ കെ ബാലന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സുപ്രിംകോടതി അവ്യക്തത പരിഹരിച്ചാലെ സര്‍ക്കാരിന് ശക്തമായ നിലപാട് എടുക്കാന്‍ സാധിക്കൂ. തൃപ്തി ദേശായിയുടെ സന്ദര്‍ശനം ശബരിമലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ രഹസ്യമായാണ് ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ബിന്ദു അമ്മിണിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ശബരിമലയിലേക്ക് പോകുന്നതിനു മുന്നോടിയായി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയിട്ടുണ്ട്.

ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. അതേസമയം യുവതികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന നിര്‍ദേശമാണ് പൊലീസിന് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top