Advertisement

രണ്ടാം വിവാഹം ആഘോഷമാക്കി രണ്ട് പേർ; ‘രണ്ടാളുടെയും രണ്ടാം വിവാഹമാണെങ്കിലും ഞങ്ങൾ തമ്മിലുള്ള ആദ്യവിവാഹമാണല്ലോ!’ വൈറലായി കുറിപ്പ്

November 27, 2019
Google News 3 minutes Read

കല്യാണം ഒരു പ്രാവശ്യം ജീവിതത്തിൽ നടക്കുന്ന മനോഹരമായ മുഹൂർത്തമായാണ് നമ്മുടെ സമൂഹം കാണുന്നത്. അതുകൊണ്ട് തന്നെ ആദ്യ വിവാഹത്തെ പൊരുത്തക്കേടുകളിൽ നിന്ന് ഒഴിഞ്ഞുമാറി മറ്റൊരു കല്യാണത്തെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ നാട്ടിൽ നിന്നും വീട്ടിൽ നിന്നും ചോദ്യശരങ്ങളുയരും. ഇതിനെയൊക്കെ വകഞ്ഞ് മാറ്റി ഒരു കല്യാണമെന്ന് വച്ചാൽ വളരെ രഹസ്യമായി കഴിക്കുന്നതാണല്ലോ നാട്ടിൽ സാധാരണയായി കണ്ടുവരുന്നത്. ‘രണ്ടാം കെട്ടല്ലേ,അപ്പോപ്പിന്നെ വല്ല്യ പരിപാടിയൊന്നും വേണ്ടല്ലോ.വെറുതെയെന്തിനാ കാശ് കളയുന്നത്.അല്ലേ?’ എന്നൊക്കെയുള്ള ചോദ്യം കുറേ കേൾക്കുമ്പോൾ തന്നെ ഇനി കല്യാണമേ വേണ്ടെന്ന് തോന്നും. പിന്നെ ചെറിയൊരു ചടങ്ങിൽ കല്യാണത്തിനെ അങ്ങോട്ട് ഒതുക്കും.

ഇതിന് വിപരീതമായി ചിന്തിച്ചിരിക്കുകയാണ് രണ്ട് പേർ.ജിമ്മി ജോണും റോസ്ബിയും. രണ്ടാമതൊരു വിവാഹത്തിനൊരുങ്ങിയപ്പോൾ രണ്ട് പേരും കേട്ടു ചില ചോദ്യങ്ങൾ. പക്ഷേ ഈ ജോഡി ചിന്തിച്ചതിങ്ങനെ ‘രണ്ടാളുടെയും രണ്ടാം വിവാഹമാണെങ്കിലും ഞങ്ങൾ തമ്മിലുള്ള ആദ്യവിവാഹമാണല്ലോ!’ അപ്പോ പിന്നെ ആഘോഷങ്ങളോട്ടും കുറച്ചില്ല, എല്ലാവരെയും ക്ഷണിച്ച് കല്യാണമൊക്കെ സന്തോഷമായിട്ടങ്ങു നടത്തി. പോരാഞ്ഞ് കല്യാണം കഴിഞ്ഞ് മൂന്നാം പക്കം ഹണിമൂണിനായി മാലി ദ്വീപിലേക്കും പറന്നു. ഈ കാര്യം ജിഎൻപിസി ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ എല്ലാവരുമായി അവർ പങ്കുവച്ചു.

 

കുറിപ്പ് മുഴുവൻ രൂപം,

”ഓഹ്, രണ്ടാം കെട്ടല്ലേ.. അപ്പോപ്പിന്നെ വല്ല്യ പരിപാടിയൊന്നും വേണ്ടല്ലോ.. വെറുതെയെന്തിനാ കാശ് കളയുന്നത്.. അല്ലേ ?”

ആദ്യവിവാഹം എട്ട് നിലയിൽ പൊട്ടി, കേസും കൂട്ടവുമായി നടന്ന്, നാട്ടിൽ മൊത്തം ചീത്തപ്പേരും കേൾപ്പിച്ച്, ‘നീയിങ്ങനെ ഒറ്റത്തടിയായി നടന്നോ, പ്രായമാവുമ്പോൾ പഠിച്ചോളും’ തുടങ്ങിയ സദ്‌വചനങ്ങളും കേട്ട് മടുത്ത്, ‘ആലം ദുനിയാവിൽ എന്നായാലും പെണ്ണെട്ടേണം, അത് ഇന്നന്നായ്‌ക്കോട്ടെ, അത് ഓളന്നായ്‌ക്കോട്ടെ’ എന്നുറപ്പിച്ച്, അക്കാര്യമറിയിച്ചപ്പോൾ അടുത്ത കൂട്ടുകാരിൽ ചിലരും ബന്ധുക്കളിൽ പലരും നാട്ടുകാരിൽ മിക്കവരും പ്രതികരിച്ചത് ഇപ്രകാരമായിരുന്നു.അവരെ കുറ്റം പറയാൻ പറ്റില്ല. കാര്യം ഞങ്ങളുടെ രണ്ടാളുടെയും രണ്ടാം വിവാഹമാണെങ്കിലും ഞങ്ങൾ തമ്മിലുള്ള ആദ്യവിവാഹമാണെന്ന് അവർ ഓർത്തുകാണില്ല. എന്നാപ്പിന്നെ ഒന്നിനും ഒരു കുറവും വരുത്തേണ്ടന്ന് ഞങ്ങളങ്ങ് തീരുമാനിച്ചു. വേണ്ടപ്പെട്ടവരെയൊക്കെ ക്ഷണിച്ച്, അവരെ സാക്ഷികളാക്കി വരണമാല്യവും മോതിരവും ചാർത്തി. മൂന്നാംദിവസം പറന്നു, മാലി ദ്വീപിന്റെ വശ്യതയിൽ ‘മധുചന്ദ്രിക’യെ തേടി.

നന്ദിയുണ്ട്. ജീവിതം തിരിച്ചുപിടിക്കാനുള്ള ഊർജ്ജത്തിനായി നെരിപ്പോടിൽ തീ പകർന്ന ഞങ്ങളുടെ മുൻ പങ്കാളികളോട്. കൈത്താങ്ങായി കൂടെ നടന്ന മാതാപിതാക്കളോട്, സഹോദരീസഹോദരന്മാരോട്, എന്തിനും ഏതിനും കട്ടയ്ക്ക് കൂടെ നിൽക്കുന്ന ചങ്കുകളോട്. നാട്ടിലും മറുനാട്ടിലും കഥകൾ ചൊല്ലിപ്പരത്തുന്ന ‘പാണന്മാരോട്’. മതമില്ലാത്ത മനുഷ്യനാവാൻ സഹായിച്ച പാതിരിയോട്. ചൊല്ലിത്തീർക്കാനാവാത്തത്രയും നന്ദി.

 

 

 

viral, trending, second marriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here