തിരുവനന്തപുരത്ത് പൂച്ചയെ കൊന്നത് കെട്ടിത്തൂക്കി തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; വയറ്റിൽ ഉണ്ടായിരുന്നത് ആറ് കുഞ്ഞുങ്ങൾ

തിരുവനന്തപുരം പാൽക്കുളങ്ങരയിൽ ഗർഭിണിയായ പൂച്ചയെ കൊന്നത് കെട്ടിത്തൂക്കി തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തള്ളപ്പൂച്ചയെ കൊന്നപ്പോൾ വയറ്റിൽ ഉണ്ടായിരുന്ന ആറ് കുഞ്ഞുങ്ങളും ശ്വാസംമുട്ടിമരിച്ചു. സംഭവത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു പൂച്ചയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ പൊലീസ് തയ്യാറായത്. മൃഗാവകാശ പ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.

പാലോട് മൃഗഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരാണ് പൂച്ചയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്. കഴുത്ത് ഞെരിക്കുമ്പോഴുള്ള ശ്വാസം മുട്ടൽ മൂലമാണ് മരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്നും പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു.

രണ്ടാഴ്ച മുൻപായിരുന്നു സംഭവമുണ്ടായത്. പാൽക്കുളങ്ങരയിൽ ക്ലബ്ബായി പ്രവർത്തിക്കുന്ന കെട്ടിടത്തിലായിരുന്നു കെട്ടിത്തൂങ്ങിയ നിലയിൽ പൂച്ചയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൃഗാവകാശ പ്രവർത്തക പാർവതി മോഹനാണ് സംഭവം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. പൊലീസിനെ വിവരമറിയിച്ചെങ്കിലും ആദ്യം കേസെടുക്കാൻ തയ്യാറായില്ലെന്ന് പാർവതി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top