ഇനി കലാമാമാങ്കത്തിന്റെ നാല് നാളുകൾ; അറുപതാമത് സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു

അറുപതാമത് സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു. സ്പീക്കർ ശ്രീരാമകൃഷ്ണൻ ചടങ്ങുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മഹാകവി പി കുഞ്ഞിരാമൻ നായരുടെ പേരിലുളള മുഖ്യ വേദിയിലാണ് ഉദ്ഘാദന ചടങ്ങുകൾ നടന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രൻ, നടൻ ജയസൂര്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ നിരവധിയാളുകൾ എത്തിയിരുന്നു.

രാവിലെ എട്ടേകാലോടെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പതാക ഉയർത്തി. 28 വർഷത്തിന് ശേഷമാണ് കാസർഗോഡ് കലോത്സവത്തിന് വേദിയാകുന്നത്. 239 മത്സരയിനങ്ങളിലായി 13000 മത്സരാർത്ഥികളാണ് വിസ്മയം തീർക്കാനെത്തുന്നത്. കോൽകളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ഇന്നത്തെ പ്രധാന മത്സരയിനങ്ങൾ. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കലോത്സവം നാല് ദിവസമായതിനാൽ സമയബന്ധിതമായി മത്സരങ്ങൾ വേദിയിലെത്തിക്കുക എന്നതാണ് സംഘാടകരുടെ മുന്നിലെ പ്രധാന വെല്ലുവിളി.

പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഊട്ടുപുരയും തയാറാണ്. ദിവസേന 3000 പേർക്ക് കഴിക്കാൻ ആകുന്ന വിധത്തിൽ 25000 പേർക്കുള്ള അളവിൽ ഭക്ഷണം തയാറാക്കുന്നുണ്ട് 60 അംഗസംഘം.

കലോത്സവത്തിന്റെ വർണാഭമായ തത്സമയ വിശേഷങ്ങളുമായി ട്വന്റിഫോർ ന്യൂസ് ചാനലും ഓൺലൈനും ഇത്തവണ പ്രേക്ഷകർക്കൊപ്പമുണ്ടാകും. കലോത്സവ വാർത്തകൾ തത്സമയം അറിയാൻ സന്ദർശിക്കുക www.twetnyfournews.com

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top