വീണ്ടും പിന്‍വാതില്‍ നിയമനം: സിപിഐഎം നേതാവിന്റെ മകള്‍ക്കും ഡ്രൈവര്‍ക്കും സ്ഥിരനിയമനം

സംസ്ഥാനത്ത് വീണ്ടും നേതാക്കളുടെ ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മകള്‍ ദീപ, ആനാവൂരിന്റെ ഡ്രൈവര്‍ രതീഷ് എന്നിവരെ സംസ്ഥാന സഹകരണ യൂണിയനില്‍ സ്ഥിരപ്പെടുത്തി. നിയമനങ്ങള്‍ നിശ്ചയിച്ച കോലിയക്കോട് കൃഷ്ണന്‍ നായര്‍ തന്റെ ഡ്രൈവര്‍ രഞ്ജിത്തിനെയും സഹകരണ യൂണിയനില്‍ സ്ഥിരപ്പെടുത്തി.

സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് കൃഷ്ണന്‍ നായര്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറായിരിക്കെയാണ് സംസ്ഥാന സഹകരണ യൂണിയനിലെ ഈ നിയമനങ്ങള്‍. നാല് എല്‍ഡി ക്ലര്‍ക്ക്, നാല് കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍, രണ്ട് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് സ്ഥിര നിയമനം നല്‍കിയത്. പട്ടികയില്‍ ഏറെയും സിപിഐഎം അംഗങ്ങളും അവരുടെ ബന്ധുക്കളുമാണ്.

കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ എന്നിവിടങ്ങളിലെയെല്ലാം നിയമനങ്ങള്‍ പിഎസ്‌സി വഴിയാണ്. സംസ്ഥാന സഹകരണ യൂണിയനിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടിട്ടില്ല. മറ്റ് ഏജന്‍സികളെക്കൊണ്ട് പരീക്ഷ നടത്തുകയും സ്വന്തമായി അഭിമുഖം നടത്തി നിയമനം നല്‍കുകയുമാണ് സംസ്ഥാന സഹകരണ യൂണിയനില്‍ ചെയ്യുന്നത്. ഇത് പാര്‍ട്ടിക്കാരെയും ബന്ധുക്കളെയും തിരുകി കയറ്റുന്നതിനാണെന്നാണ് പരാതി. ബന്ധു നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് ചിലര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top