കലോത്സവ വേദികളില്‍ സുരക്ഷ ഒരുക്കി 750 പൊലീസുകാര്‍

കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി സുരക്ഷയൊരുക്കി പൊലീസ്. 750 പോലീസുകാരെയാണ് കലോത്സവ വേദികളില്‍ നിയോഗിച്ചിരിക്കുന്നത്. എന്‍സിസി, എസ്പിസി, റെഡ് ക്രോസ് വൊളന്റിയര്‍മാര്‍ എന്നിവരെ കൂടാതെയാണിത്.

29 വേദികള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ആറ് സോണുകളായി തിരിച്ചാണ് പൊലീസ് സുരക്ഷ ഒരുക്കുന്നത്. സ്റ്റേജ്, ഗതാഗതം, ഭക്ഷണം, താമസം, ക്രമസമാധാനം എന്നിങ്ങനെ തരംതിരിച്ച് ആറ് ഡിവൈഎസ്പിമാര്‍ക്കാണ് സോണുകളുടെ ചുമതല നല്‍കിയിരിക്കുന്നത്. പ്രധാന പത്തുവേദികളില്‍ പൊലീസ് ഹെല്‍പ്പ് ഡെസ്‌ക് സജ്ജീകരിക്കും. റെയില്‍വേ സ്റ്റേഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പൊലീസ് ഹെല്‍പ്പ് ഡെസ്‌ക് ഉണ്ടാകും.

പ്രധാന വേദിക്കരികില്‍ പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും ഇത്. നഗരത്തിലെയും പരിസരങ്ങളിലെയും ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിന് 110 പോയിന്റുകളില്‍ രാപകല്‍ പൊലീസിനെ വിന്യസിക്കും. നീലേശ്വരം മുതല്‍ വെള്ളിക്കോത്തുവരെയുള്ള പോയിന്റുകളില്‍ നാലുമണിക്കൂര്‍ വീതമായിരിക്കും പൊലീസിന് ജോലി.

നഗരത്തില്‍ ഗതാഗതതടസം ഉണ്ടായാല്‍ കണ്ണൂര്‍ ഭാഗത്തുനിന്നുള്ള വലിയ ചരക്കുവാഹനങ്ങള്‍ കാലിക്കടവിലും കാസര്‍ഗോഡ് ഭാഗത്തുനിന്നുള്ളവ ചാലിങ്കാലിലും നിയന്ത്രിക്കും. വാഹനങ്ങള്‍ വഴിതിരിച്ചുവിടേണ്ടിവന്നാല്‍ കണ്ണൂര്‍ ഭാഗത്തുനിന്നുള്ള ചെറുവാഹനങ്ങള്‍ പള്ളിക്കര, കോണ്‍വെന്റ് ജംഗ്ഷന്‍, ആലിങ്കീല്‍, ചെമ്മട്ടംവയല്‍ വഴി വിടും.

കാസര്‍ഗോഡ് ഭാഗത്തുനിന്നുള്ളവ മഡിയന്‍, മൂലക്കണ്ടം, ആറങ്ങാടി, അരയി, നീലേശ്വരം വഴിയും വിടും. കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത സ്തംഭനം ഉണ്ടാകുകയാണെങ്കില്‍ തൈക്കടപ്പുറം, തീരദേശ റോഡ്, ഇക്ബാല്‍ ജംഗ്ഷന്‍ വഴി വാഹനങ്ങള്‍ തിരിച്ചുവിടും.
പോലീസ് കണ്‍ട്രോള്‍ റൂം നമ്പര്‍: 9497970111, 112.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top