മുതലക്കുളം നവീകരണ പദ്ധതിക്ക് കോർപറേഷൻ കൗൺസിലിന്റെ അംഗീകാരം; വിയോജിച്ച് പ്രതിപക്ഷം; പുതിയ പദ്ധതികൾ വേണ്ടെന്ന് അലക്കുതൊഴിലാളികള്‍

കോഴിക്കോട് കോർപറേഷന്റെ മുതലക്കുളം നവീകരണ പദ്ധതിക്ക് കൗൺസിലിന്റെ അംഗീകാരം. 18.5 കോടി രൂപ ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
800 ചതുരശ്രയടിയുള്ള സ്റ്റേജും, അതിനു മുകളിൽ 15,000 ലിറ്റർ വാട്ടർ ടാങ്കും, സ്റ്റേജിലും താഴെയും മൊത്തം എട്ട് ബ്ലോക്കുള്ള ശുചിമുറിയും പണിയും. കൂടാതെ 2550 പേർക്ക് മൈതാനത്ത് ഇരിപ്പിടമടക്കം നാലായിരം പേരെ ഉൾക്കൊള്ളും വിധം മുതലക്കുളം നവീകരിക്കാനാണ് കോർപറേഷന്റെ പദ്ധതി. പദ്ധതിക്ക് കോഴിക്കോട് കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകി .എന്നാൽ പ്രതിപക്ഷം പദ്ധതിയിൽ വിയോജിപ്പ് രേഖപ്പെടുത്തി.
നിലവിൽ മുതലക്കുളത്ത് പാരമ്പരഗതമായി ജോലി ചെയ്ത് വരുന്ന അലക്ക് തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ പദ്ധതി അംഗീകരിക്കാൻ ആകില്ലെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ദിവസവും നൂറിലധികം പേരാണ് രാവിലെയും വൈകിട്ടുമായി ഇവിടെ ജോലി ചെയ്യുന്നത്.
മുതലക്കുളത്ത് പുതിയ പദ്ധതികൾ ആരംഭിക്കരുതെന്നാവശ്യപ്പെട്ട് അസംഘടിത തൊഴിലാളി യൂണിയനും മുതലക്കുളം അലക്കുതൊഴിലാളികളും ചേർന്ന് കോർപറേഷൻ സെക്രട്ടറിക്കും ഡെപ്യൂട്ടി മേയറിനും കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു.
muthalakkulam