Advertisement

ഷൂട്ടിംഗ് സെറ്റുകള്‍ പൊലീസ് പരിശോധിക്കണം; എല്‍എസ്ഡി പോലുള്ള ലഹരി മരുന്നുകള്‍ സെറ്റുകളില്‍ എത്തുന്നു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

November 28, 2019
Google News 0 minutes Read

90 വര്‍ഷം പിന്നിട്ട മലയാള സിനിമയില്‍ ഇന്നുവരെ ഒരുനടന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലാത്ത അത്ര മോശമായ അവസ്ഥ ഇന്ന് നിര്‍മാതാക്കള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ രഞ്ജിത്ത്. വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനു മുമ്പ് നിരവധി നിര്‍മാതാക്കളുടെ പരാതി ഷെയിന്‍ നിഗത്തിനെതിരെ വരികയും അമ്മ ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചര്‍ച്ച നടത്തിയാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇത് നിരന്തരം തുടരുന്ന ഒരു അവസ്ഥയാണ് ഉണ്ടായത്. വെയില്‍, കുര്‍ബാനി, ഉല്ലാസം എന്നീ മൂന്ന് ചിത്രങ്ങളാണ് നിലവില്‍ മുടങ്ങിക്കിടക്കുന്നത്.

കുര്‍ബാനി എന്ന ചിത്രത്തിന്റെ സമയത്ത് വെയിലിന്റെ അപ്പിയറന്‍സ് മാറി എന്ന് പറഞ്ഞ് ഒരു പ്രശ്‌നം ഉണ്ടായി. അത് പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും അമ്മയും എല്ലാം ചേര്‍ന്ന് ഇടപെട്ട് ആ സിനിമയില്‍ പത്താം തിയതിവരെ അഭിനയിക്കാമെന്നും പതിനാറു മുതല്‍ വെയിലില്‍ അഭിനയിക്കാമെന്നും ഒരു ധാരണ ഉണ്ടാക്കിയിരുന്നു.

സിനിമ തീര്‍ന്നില്ലെങ്കിലോ എന്ന് കരുതിയാണ് അഞ്ച് ദിവസം കൂടി ഇടവേള ഇട്ട് അക്കാര്യത്തില്‍ തീരുമാനം എടുത്തത്. അങ്ങനെയൊരു ധാരണ എടുക്കുന്നതിന്റെ പിറ്റേദിവസം ഷെയിന്‍ കുര്‍ബാനിയില്‍ അഭിനയിക്കാന്‍ സെറ്റില്‍ എത്താതിരിക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ കുര്‍ബാനി തീരാത്ത അവസ്ഥ ഉണ്ടായി.

ജോബി ജോര്‍ജ് നിര്‍മാതാവായുള്ള ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം പതിനാറാം തീയതി ആരംഭിച്ചു. പക്ഷേ ആദ്യ ദിവസം മുതല്‍ ഷെയിന്റെ ഭാഗത്തുനിന്ന് നിസഹകരണമാണ് ഉണ്ടായത്. പ്രകൃതി സമ്മതിക്കുന്നില്ലെന്നാണ് പറയുന്നത്. ഒരു നടന്റെ ഭാഗത്തുനിന്ന് ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ലൊക്കേഷനില്‍ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാഗത്തുനിന്ന് ട്രെഷറര്‍ ബി രാഗേഷിനെയും ഇക്കാര്യങ്ങള്‍ അറിയുന്നതിനായി ചുമതലപ്പെടുത്തി. ഒരു നിര്‍വാഹവും ഇല്ലാത്ത അവസ്ഥ വന്നപ്പോള്‍ ഷെയിന്‍ നിഗത്തിന്റെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ ലൊക്കേഷനില്‍ എത്തി. നിര്‍മാതാവ് ലൊക്കേഷനില്‍ വരരുതെന്ന് ഷെയിന്‍ പറഞ്ഞു. നിര്‍മാതാവ് ലൊക്കേഷനിലേക്ക് വരിക പോലും ചെയ്തില്ല.

പിറ്റേന്ന് രാവിലെ ഒരു ബൈക്കും എടുത്ത് ഷെയിന്‍ പോയി. എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും അറിയില്ല. കണ്ടെത്താന്‍ പറ്റാതായതോടെ ഒടുവില്‍ ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥ വന്നു. രണ്ടു ദിവസം യൂണിറ്റ് വെയ്റ്റ് ചെയ്തു. എന്നിട്ടും വന്നില്ല. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മുടി മുഴുവന്‍ വെട്ടിമാറ്റിയതായുള്ള ചിത്രം അയച്ചുതന്നു. ഇത് എന്റെ പ്രതിഷേധമാണെന്ന് പറഞ്ഞ് ചിത്രം പോസ്റ്റ് ചെയ്തു.

25 ലക്ഷം രൂപയ്ക്ക് എഗ്രിമെന്റ് വച്ച ഒരു ചിത്രത്തിന് ഡബ്ബിംഗ് സമയത്ത് നാല്‍പത് ലക്ഷം രൂപ വേണം എന്നാലെ ഡബ്ബ് ചെയ്യൂ എന്ന് പറഞ്ഞു. അതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്.
ഇങ്ങനെയൊക്കെ ചെയ്തതിനാല്‍ ചിത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. വെയിലും കുര്‍ബാനിയുമാണ് ഉപേക്ഷിച്ച ചിത്രങ്ങള്‍. സിനിമയ്ക്കായി ചെലവായ തുകയും നഷ്ടവും എന്ന് തിരിച്ചുതരുന്നോ അതിനു ശേഷമല്ലാതെ ഷെയിനിന്റെ സിനിമകളുമായി സഹകരിക്കേണ്ടതില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.

ചെറുപ്പക്കാര്‍ക്ക് അച്ചടക്കമില്ല

മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ ചെറുപ്പക്കാര്‍ക്ക് അച്ചടക്കമില്ലായ്മ കൂടുതലാണ്. രണ്ടു സിനിമകള്‍ക്കുമായി ഏഴുകോടിയോളം രൂപ ഇതുവരെ നഷ്ടമുണ്ട്. ഒരു ദിവസം മൂന്നുമുതല്‍ നാലുലക്ഷം രൂപ വരെയാണ് നഷ്ടം വരുന്നത്.

ലഹരി വ്യാപകമായി എത്തുന്നു

എല്ലാ സിനിമ സെറ്റുകളിലും ലഹരി പരിശോധന വേണം. സിനിമ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുണ്ട്. അച്ചടക്കമില്ലായ്മയുടെ കാരണം അതുതന്നെയാണ്. അമ്മ സംഘടനയില്‍ ഇവരാരും ചേരാന്‍ തയാറല്ല. കാരണം അമ്മ സംഘടനയില്‍ ഇക്കാര്യങ്ങളില്‍ വ്യക്തമായ നിലപാടുകളുണ്ട്. ഇതില്‍ പലരും അമ്മയുടെ മെമ്പര്‍മാരല്ല. പരാതിയുമായി ചെല്ലുമ്പോള്‍ ആരും മെമ്പര്‍മാരല്ല. അതുകൊണ്ട് അമ്മ സംഘടനയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

കാരവാനുകള്‍ പരിശോധിക്കണം

കാരവാനില്‍ നിന്ന് നടന്‍മാര്‍ വെളിയില്‍ ഇറങ്ങുന്നില്ല. എല്ലാ കാരവാനും പരിശോധിക്കണം. പേരെടുത്ത് പറയുന്നില്ല. മലയാളം ഇന്‍ഡസ്ട്രിയില്‍ ഒരു അന്വേഷണം നടത്തിയാല്‍ ഇക്കാര്യങ്ങളെക്കുറിച്ചറിയാം. 152 സിനിമകള്‍ എടുക്കുമ്പോള്‍ പകുതിയും നഷ്ടത്തിലാണ്. കൃത്യമായി ലൊക്കേഷനില്‍ വരുന്നവര്‍ കുറവാണ്. ആരും സ്വബോധത്തോടെയല്ല ലൊക്കേഷനില്‍ എത്തുന്നത്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണം. കഞ്ചാവ് മാത്രമല്ല, എത്തുന്നത്. എല്‍എസ്ഡി പോലുള്ള ലഹരിമരുന്നുകളാണ് സെറ്റുകളില്‍ എത്തുതെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പത്രസമ്മേളനത്തിന്റെ പൂര്‍ണരൂപം കാണാം..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here