യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷം; അറുപത് പേർക്കെതിരെ കേസ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘർഷത്തിൽ അറുപത് പേർക്കെതിരെ കേസ്. കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. പൊലീസുകാരെ ആക്രമിച്ചതിനും റോഡ് ഉപരോധിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 30 പേർക്കെതിരെ കേസെടുത്തു.

ഇന്ന് വൈകിട്ടാണ് യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്‌യു പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്നാണ് ആരോപണം. അഭിജിത്തിന്റെ തലയ്ക്കാണ് പരുക്കേറ്റത്. തനിക്ക് നേരെ നടന്നത് ക്രൂരമർദനമാണെന്ന് അഭിജിത്ത് പറഞ്ഞിരുന്നു. മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിഷേധിച്ചിരുന്നു.

ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലും സംഘർഷമുണ്ടായിരുന്നു. ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ കോളജ് ക്യാമ്പസിൽ ഒരു കെഎസ്‌യു പ്രവർത്തകനെ മർദിച്ചതായി പരാതി ഉയർന്നു. ഇത് അന്വേഷിക്കാനായാണ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ കെഎസ്‌യു പ്രവർത്തകർ പ്രകടനമായി യൂണിവേഴ്സിറ്റി കോളജിലെത്തിയത്. ഇതിനിടെയാണ് കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top