ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കില്ല; ദിലീപിന് തിരിച്ചടിയായ വിവാദ കേസിന്റെ നാള്‍വഴികള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. ഇനിയുള്ള നാളുകള്‍ ദിലീപിന് വിചാരണ നേരിടേണ്ടിവരും.

കേസിന്റെ പ്രധാന നാള്‍വഴികളിലേക്ക്

1. 2017 ഫെബ്രുവരി 17 – ഹണി ബീ 2 സിനിമയുടെ ഡബ്ബിംഗ് ആവശ്യത്തിനായി നടി കൊച്ചിയിലേയ്ക്ക് എത്തുന്നു.

2. അങ്കമാലി പിന്നിട്ട നടിയുടെ വാഹനം അത്താണിയില്‍ പള്‍സര്‍ സുനിയും സംഘവും തടയുന്നു.

3. രണ്ട് മണിക്കൂറിലേറെ നടിയുമായി കൊച്ചിയില്‍ കറങ്ങിയ സംഘം പാലാരിവട്ടത്ത്് ഇവരെ ഉപേക്ഷിക്കുന്നു

4. തൃശൂരില്‍ നിന്ന് നടിയെ കൊച്ചിയിലെത്തിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന ഡ്രൈവര്‍ മാര്‍ട്ടിന്‍ ഇവരെ സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തിക്കുന്നു.

5. കാറിനകത്ത് വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയെന്നും നടി.

6. നടിയെ വീട്ടിലാക്കിയ ശേഷം തിരികെ പോകാനൊരുങ്ങിയ മാര്‍ട്ടിനെ സംവിധായകന്‍ ലാല്‍ തടഞ്ഞുവയ്ക്കുന്നു.

7. രാഷ്ട്രീയ നേതാവ് പി ടി തോമസും നിര്‍മാതാവ് ആന്റോ ജോസഫും സ്ഥലത്ത് എത്തുന്നു.

8. പൊലീസിനെ വിളിച്ചുവരുത്തുന്നു. നടിയുടെ മൊഴിയെടുത്ത് കേസ് എടുക്കുന്നു.

9. നടിയെ കളമശേരിയിലെ എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

10. 2017 ഫെബ്രുവരി 18 – മാര്‍ട്ടിന് സംഭവത്തില്‍ പങ്കുണ്ടെന്ന സംശയം ബലപ്പെട്ടതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

11. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ അടക്കം അഞ്ച് പേരാണ് ആക്രമിച്ചതെന്ന് കണ്ടെത്തി.

12. പ്രതികള്‍ കേരളം വിട്ടതായുള്ള സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പൊലീസ് സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം ആരംഭിച്ചു

13. 2017 – ഫെബ്രുവരി 19 – കോയമ്പത്തൂരില്‍ വച്ച് അക്രമി സംഘത്തിലുള്‍പ്പെട്ട എറണാകുളം സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍ പിടിയിലായി.

14. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഒളിവില്‍ പോയ പ്രതികള്‍ പല സ്ഥലങ്ങലിലേക്ക് പിരിഞ്ഞതായി പൊലീസിന് സൂചന ലഭിച്ചു.

15. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് സിനിമ താരങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു.

16. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും ഇത് അന്വേഷിക്കണമെന്നും മഞ്ജു വാര്യര്‍ ആരോപിക്കുന്നു

17. 2017 ഫെബ്രുവരി 21 – പാലക്കാട് വച്ചാണ് സംഘത്തിലെ നാലാമന്‍ മണികണ്ഠന്‍ പിടിയിലാകുന്നു.

18. 2017 ഫെബ്രുവരി 23 കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടാളി വിജേഷും എറണാകുളം എസിജെഎം കോടതിയില്‍ കീഴടങ്ങാനെത്തി.

19. പള്‍സര്‍ ബൈക്കിലെത്തിയ ഇരുവരും കോടതിയുടെ പുറകുവശത്ത് ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം കോടതി മുറിയിലേക്ക് കടന്നു. എന്നാല്‍ ജഡ്ജി കോടതി മുറിയില്‍ ഇല്ലായിരുന്നു.

20. വിവരം അറിഞ്ഞെത്തിയ പൊലീസ് കോടതി മുറിയില്‍ നിന്ന് ബലമായി പിടിച്ചിറക്കി കസ്റ്റഡിയിലെടുത്തു.

21. കോടതിയില്‍ ഹാജരാക്കിയ ശേഷം പള്‍സര്‍ സുനിയെയും കൂട്ടാളി വിജേഷിനെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.

22. പ്രതികള്‍ ഒളിവില്‍ പോയ ഇടങ്ങളില്‍ പൊലീസ് പ്രതികളെ എത്തിച്ച് തെളിവെടുത്തു. നടി ആക്രമിക്കപ്പെട്ട സ്ഥലത്തും, ഇവരെ തട്ടിക്കൊണ്ടുപോയ വഴിയും പൊലീസ് തെളിവെടുപ്പ് രേഖപ്പെടുത്തി.

23. പണത്തിന് വേണ്ടി താനാണ് ആക്രമണം നടത്തിയതെന്ന് പള്‍സര്‍ സുനിയുടെ മൊഴി.

24. 2017 ഏപ്രില്‍ 18 – നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

25. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കിയ 375 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

26. 2017 ജൂണ്‍ – പള്‍സര്‍ സുനി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഹതടവുകാരനായ ജിന്‍സനോട് വെളിപ്പെടുത്തിയതായി വാര്‍ത്തകള്‍.

27. വിഷ്ണു എന്ന സഹതടവുകാരന്‍ വഴി പള്‍സര്‍ സുനി ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന വിവരം പുറത്താകുന്നു.

28. ദിലീപിന് എഴുതിയതെന്ന് സംശയിക്കുന്ന പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവരുന്നു

29. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി തന്നെ വിളിച്ച് പണം ആവശ്യപ്പെട്ടതായി നടന്‍ ദിലീപ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കുന്നു.

30. 2017 ജൂണ്‍ 28ന് ദിലീപിനെയും നാദിര്‍ഷയേയും അപ്പുണ്ണിയേയും പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യല്‍.

31. ദിലീപന്റെ ഭാര്യ കാവ്യ മാധവന്റെ ഉടമസ്ഥതതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി പോയിരുന്നതായി വെളിപ്പെടുത്തല്‍.

32. ദിലീപ് നായകനായി പുറത്തിറങ്ങിയ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ സുനില്‍കുമാര്‍ എത്തിയതിന്റെ തെളിവുകളും ലഭിച്ചു.

33. ജൂണ്‍ അവസാനം ടി പി സെന്‍കുമാര്‍ പൊലീസ് മേധാവി സ്ഥാനം ഒഴിഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പുരോഗതി വിലയിരുത്തുന്നു.

34. 2017 ജൂണ്‍ 29 – കൊച്ചിയില്‍ ചേര്‍ന്ന താര സംഘടനയായ അമ്മയുടെ വാര്‍ഷിക യോഗം നടന്‍ ദിലീപിനൊപ്പം ഉറച്ചുനില്‍ക്കുന്നു.

35. 2017 ജൂലൈ 10 – നടന്‍ ദിലീപ് അറസ്റ്റിലാകുന്നു. ആലുവയിലെ വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത ദിലീപിനെ അത്താണിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തു.

36. അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ അമ്മ നടനെ പുറത്താക്കിയതായി അറിയിക്കുന്നു.

37. ദിലീപ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ തന്നെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തല്‍ പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ നല്‍കി.

38. ഒരു മാസത്തിനിടെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സമര്‍പ്പിച്ച ജാമ്യാപേക്ഷകളില്‍ ദിലീപിന് അനുകൂല വിധി ലഭിച്ചില്ല.

39. ആദ്യം കേസ് ഏല്‍പ്പിച്ചിരുന്ന അഡ്വ.രാംകുമാറിന് പകരം പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ രാമന്‍ പിള്ളയെ കേസ് ചുമതല ദിലീപ് ഏല്‍പ്പിച്ചു.

40. ദിലീപ് ജാമ്യത്തിനായി പോരാടവെ മാനേജര്‍, അപ്പുണിയും കൂട്ടുകാരന്‍ നാദിര്‍ഷയും ഭാര്യ കാവ്യ മാധവനും പോലീസിന്റെ ചോദ്യം ചെയ്യലിന് വിധേയരായി.

41. 2017 സെപ്തംബര്‍ ആറിന് പിതാവിന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് രണ്ട് മണിക്കൂര്‍ ജാമ്യം

42. ദിലീപിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന പലരുമെത്തി. അവരും ശക്തമായ വിമര്‍ശനങ്ങള്‍ പല തലത്തില്‍ നിന്നും ഏറ്റുവാങ്ങി.

43. ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണനകള്‍ നല്‍കുന്നുവെന്ന ആക്ഷേപമുയര്‍ത്തി ആലുവ സ്വദേശി ജയില്‍ ഡിജിപിയെ സമീപിക്കുന്നു.

44. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നീക്കം നടത്തുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി നാദിര്‍ഷ ഹൈക്കോടതിയില്‍

45. 2017 സെപ്റ്റംബര്‍ എട്ട് – ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കുന്നവര്‍ക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.

46. സെപ്റ്റംബര്‍ 14 – ജാമ്യം തേടി ദിലീപ് വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. അറുപത് ദിവസം തടവില്‍ കഴിഞ്ഞതിനാല്‍ സോപാധിക ജാമ്യം ആവശ്യപ്പെട്ട് ഹര്‍ജി.

47. സെപ്റ്റംബര്‍ 19 – ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.

48. 2017 ഒക്ടോബര്‍ മൂന്ന് – ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചു. 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ദിലീപ് പുറത്തിറങ്ങി.

49. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് രംഗത്ത്

50. 2017 നവംബര്‍ 21 – ദിലീപിന് വിദേശത്തേയ്ക്ക് പോകാന്‍ അനുമതി.

51. 2017- നവംബര്‍ 28 – ദിലീപ് വിദേശത്തേയ്ക്ക തിരിച്ചു.

52. 2018 ജനുവരി 15 – കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ദൃശ്യങ്ങള്‍ ലഭിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം

53. 2018 ജനുവരി 22 – നടി ആക്രമിക്കപ്പെട്ട കേസില്‍ സമര്‍പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് പ്രതിയായ ദിലീപിന് നല്‍കരുതെന്ന് പൊലീസ്.

54. 2018 ഫെബ്രുവരി ഏഴ് – നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തനിക്ക് നല്‍കണമെന്ന കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ആവശ്യം കോടതി തള്ളി.

55. 2018 – ഫെബ്രുവരി ഏഴ് – നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വേണമെന്ന് പോലീസ്.

56. 2018 മാര്‍ച്ച് ഒമ്പത് – ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. പകര്‍പ്പ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നിരസിച്ചതിനെത്തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

57. 2018 ഏപ്രില്‍ 14 – ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

58. 2018 ഡിസംബര്‍ ഒന്ന് – ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രിംകോടതിയിലേക്ക്

59. 2018 ഡിസംബര്‍ 13- ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍

60. 2019 സെപ്റ്റംബര്‍ 16- ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാം; ദീലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് ആക്രമിക്കപ്പെട്ട നടി.

61. 2019 നവംബര്‍ 29 – നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി. ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. നടിയുടെ സ്വകാര്യത പരിഗണിച്ചുകൊണ്ട് മാത്രമേ ഇക്കാര്യത്തില്‍ മുന്നോട്ടുപോകാനാകൂ എന്ന് സുപ്രിംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണാമെന്നും എന്നാല്‍ പകര്‍പ്പ് നല്‍കാനാവില്ലെന്നും സുപ്രിംകോടതിയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top