Advertisement

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; സെപ്തംബർ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് പതിനായിരത്തിലധികം കേസുകൾ

November 30, 2019
Google News 0 minutes Read

പെരുമ്പാവൂർ പോലുള്ള സംഭവങ്ങൾ ആവർത്തിക്കുമ്പോഴും സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാറ്റമില്ലാതെ തുടരുന്നു. പതിനായിരത്തിലേറെ കേസുകളാണ് ഇക്കഴിഞ്ഞ സെപ്തംബർ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എറണാകുളം സിറ്റിയിലും റൂറലിലുമായി മാത്രം 1500ലധികം കേസുകൾ ചാർജ് ചെയ്യപ്പെട്ടു.

താരതമ്യേന കുറ്റകൃത്യങ്ങൾ കുറഞ്ഞ സംസ്ഥാനമെന്ന് അവകാശപ്പെടുമ്പോഴും കേരളത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാറ്റമില്ലാതെ തുടരുന്നുവെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം സെപ്തംബർ വരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ബലാത്സംഗ കേസുകൾ 1537 എണ്ണമാണ്. പീഡനോദ്ദേശ്യത്തോടെയുള്ള അതിക്രമങ്ങൾ 3351, തട്ടിക്കൊണ്ട് പോകൽ കേസുകൾ 167, പിന്തുടർന്നുള്ള ശല്യം ചെയ്യലിന് 309 കേസുകളും ഇക്കാലയളവിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടു. സ്ത്രീധന പീഡനത്തിൽ വെറും 4 കേസുകൾ മാത്രമാണ് 9 മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ ഭർതൃവീടുകളിലെ പീഡനം സംബന്ധിച്ച് 2190 പരാതികളാണ് ലഭിച്ചിട്ടുള്ളത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ചാർജ് ചെയ്ത 2958 കേസുകൾ കൂടി ചേരുമ്പോൾ ആകെ കേസുകൾ 10516 ആകും.

അതേസമയം, പെരുമ്പാവൂർ സംഭവം പോലെയുള്ള ക്രൂരകൃത്യങ്ങൾ നടന്ന കൊച്ചി പ്രത്യേകമായെടുത്ത് പരിശോധിച്ചാൽ ആകെ കേസുകൾ ഏതാണ്ട് 1500ലേറെ വരും. ബലാത്സംഗം, പീഡനശ്രമം എന്നിവയാണ് ഇതിലധികവും. കൊച്ചി നഗരത്തെ അപേക്ഷിച്ച് റൂറൽ ഏരിയകളിലാണ് കൂടുതൽ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here