യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷം; അഞ്ച് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇന്നലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങളായ അമൽ മുഹമ്മദ്, ടി ശംഭു, ആർ സുനിൽ, അജ്മൽ, വിഘ്‌നേഷ് എന്നിവരാണ് അറസ്റ്റിലായത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനേയും പൊലീസിനേയും ആക്രമിച്ചതിൽ ഇവർക്ക് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്.
യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ നടത്തിയ റെയ്ഡിലാണ് അഞ്ച് പേരെയും പൊലീസ് പിടികൂടിയത്. തിരുവന്തപുരം ഡിസിപി ആദിത്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോളജ് ഹോസ്റ്റലിൽ റെയഡ് നടത്തിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായാണ് പൊലീസ് റെയ്ഡിനെത്തിയത്. വധശ്രമം, സംഘം ചേർന്ന് ആക്രമണം, റോഡ് ഉപരോധം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അൽപസമയത്തിനകം ഇവരെ കോടതിയിൽ ഹാജരാക്കും.
ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. യൂണിവേഴ്സിറ്റി കോളജിൽ കെഎസ്യു പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്നാണ് ആരോപണം. സംഘർഷത്തിനിടെ കെ എം അഭിജിത്തിന് തലയ്ക്ക് പരുക്കേറ്റിരുന്നു.
story highlights- SFI, KSU, university college, arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here