പ്രൈവറ്റ് ബസുകളിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സൗഹാര്‍ദാന്തരീക്ഷം സൃഷ്ടിക്കാന്‍ ചര്‍ച്ച

സംസ്ഥാനത്തെ പ്രൈവറ്റ് ബസുകളിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സൗഹാര്‍ദാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഓള്‍ കേരള പ്രൈവറ്റ് ബസ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷാന്തരീക്ഷം തുടര്‍ച്ചയായ സഹാചര്യത്തിലാണ് ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ തന്നെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ വിളിച്ചുവരുത്തി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഓരോ ജില്ലകളിലും പ്രത്യേകം യോഗം വിളിക്കും. ഇതിനു പുറമേ പൊലീസ്, ആര്‍ടിഒ വകുപ്പുകളുമായി ചേര്‍ന്ന് ബസ് ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസും അപകടത്തില്‍പ്പെടുന്നവര്‍ക്ക് പ്രാധമിക ശുശ്രൂഷ നല്‍കുന്നതിന് പരിശീലനവും നല്‍കും.
കഴിഞ്ഞ ദിവസം വടകര റൂട്ടില്‍ പൊലീസുമായി സമയം സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തില്‍ രണ്ട് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ബസ് ജീവനക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തില്‍ മുന്‍പും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.