Advertisement

തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തതും കൊലപ്പെടുത്തിയതും ഒരു മണിക്കൂറിൽ; പ്രതിഷേധം പുകയുന്നു

December 1, 2019
Google News 1 minute Read

തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കിയതും കൊന്നതുമെല്ലാം ഒരു മണിക്കൂറിനുള്ളിലെന്ന് പൊലീസ്. മദ്യം ചേർത്ത ശീതള പാനീയം നൽകിയാണ് യുവതിയെ പ്രതികൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ക്രൂരമായ പീഡനമാണ് യുവതിക്കേറ്റത്. നാരായൺ പേട്ട് സ്വദേശികളായ മുഹമ്മദ് അരീഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്തകുണ്ട ചിന്ന കേശവലു എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.

ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ പീഡനവും കൊലപാതകവും നടന്നത്. സംഭവ ദിവസം വൈകിട്ട് ആറേ കാലിനാണ് 26 കാരിയായ ഡോക്ടർ സ്‌കൂട്ടർ പാർക്ക് ചെയ്യുന്നത്. തുടർന്ന് രാത്രി 9 മണിക്കാണ് അവർ തിരിച്ചെത്തിയത്. ഇതിനിടെ യുവതിയെ കുടുക്കുന്നതിനായി സ്‌കൂട്ടറിന്റെ ടയർ പ്രതികൾ പഞ്ചറാക്കിയിരുന്നു. ടയർ നന്നാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി ശിവ ഇവരെ സമീപിച്ചു. വിശ്വാസം നേടുന്നതിനായി സ്‌കൂട്ടർ കൊണ്ടുപോയ ശേഷം കട അടച്ചെന്ന് പറഞ്ഞ് തിരിച്ചെത്തി. ഇതിനിടെ യുവതി സംഭവം സഹോദരിയെ വിളിച്ച് അറിയിച്ചു.

Read also: തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊന്നു കത്തിച്ചു; നാല് പേർ പിടിയിൽ

നിമിഷങ്ങൾക്കുള്ളിൽ പ്രതികൾ ഇവരെ അടുത്തുള്ള വളപ്പിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയുടെ മുഖം മറച്ച ശേഷമാണ് പ്രതികൾ പീഡിപ്പിച്ചത്. 9.45ന് പ്രതികൾ ഡോക്ടറുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. 10.20-ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൽ സൂക്ഷിച്ചു. 10.28ന് പ്രതികൾ സംഭവസ്ഥലത്തുനിന്ന് പോയി. സ്‌കൂട്ടറിൽ പോയ ആരിഫും നവീനും നമ്പർ പ്ലെയിറ്റ് മാറ്റിയ ശേഷം കൊതൂർ വില്ലേജിൽ വാഹനം ഉപേക്ഷിച്ചു. മറ്റു രണ്ടു പേർ ലോറിയിലാണു പോയത്. തുടർന്ന് പെട്രോൾ വാങ്ങിവന്ന ശേഷം 2.30 ഓടെ മൃതദേഹം കത്തിച്ചു. ലോറിയിലുണ്ടായിരുന്ന ഇഷ്ടിക അത്താപുരിൽ ഇറക്കിയ ശേഷം പ്രതികൾ മടങ്ങി.

സംഭവത്തിൽ ഹൈദരാബാദിൽ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. യുവതിക്ക് നീതി തേടി സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ തെരുവിലിറങ്ങി. രാഹുൽ ഗാന്ധി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കൾ സംഭവത്തിൽ നടുക്കം അറിയിച്ചു. അതിനിടെ കൊലപാതകത്തിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയ യുവതിയെ പൊലീസ് മർദിച്ചു. പാർലമെന്റിന്റെ രണ്ടാം ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച അനു ദുബെയെയാണ് പൊലീസ് മർദിച്ചത്. സംഭവത്തിൽ വനിതാ കമ്മീഷൻ ഡിസിപിക്ക് നോട്ടീസയച്ചു.

Story highlights- Telengana, gang rape, veterinary doctor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here