മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം; മർദിച്ചത് വനിതാ സുഹൃത്തിനെ കാണാനെത്തിയതിന്

മലപ്പുറം തിരൂർ പെരുമ്പടപ്പിൽ സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം. ഒരു സംഘം ആളുകളാണ് വനിതാ സുഹൃത്തിനെ കാണാൻ വന്ന യുവാവിനെ മർദിച്ചത്.
പെരുമ്പടപ്പ് സ്വദേശിയായ ബാദുഷയായാണ് ആക്രമണത്തിനിരയായത്. സുഹൃത്തിന്റെ വീട്ടിലെത്തിയ ഇയാളെ വടികളും ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകളും ഉപയോഗിച്ചാണ് ആക്രമിച്ചത്.
അകന്ന ബന്ധു കൂടിയായ യുവതിയുടെ കുടുംബവുമായി ഇയാൾക്ക് ഏറെക്കാലമായി പരിചയമുണ്ട്. യുവതിയുടെ വിദേശത്തുള്ള ഭർത്താവിനോ കുടുംബാംഗങ്ങൾക്കോ ബാദുഷ വീട്ടിലെത്തിയതിൽ യാതൊരു പ്രശ്‌നവുമില്ല. നാട്ടുകാരിൽ ചിലരാണ് അനാവശ്യമായി കാര്യത്തിലിടപെട്ടത്.
പതിവായി ബാദുഷ വീട്ടിൽ വരുന്നത് ശ്രദ്ധിച്ച ചിലരാണ് രാത്രി ആക്രമിച്ചത്. വീട്ടിൽ നിന്ന് വിളിച്ചിറക്കുന്നതും കൂടുതൽ പേരെ വിളിച്ചുകൂട്ടി ആയുധങ്ങളുമായി ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീട്ടിലെ സ്ത്രീകൾ ഒന്നും ചെയ്യല്ലേയെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് യുവാവിനെ ആക്രമിക്കാൻ തുടങ്ങി.
അറിയുന്ന ആളുകളാണ്, പുറത്ത് പോയി സംസാരിക്കമെന്നൊക്കെ ബാദുഷ പറയുന്നുണ്ടെങ്കിലും ആളുകൾ വീണ്ടും ആക്രോശിക്കുകയാണ് ചെയ്യുന്നത്.
പുറത്ത് വിട്ട ദൃശ്യങ്ങളെല്ലാം തന്നെ സദാചാര പൊലീസ് ചമഞ്ഞ ആളുകൾ എടുത്തതാണ്. ഇവർ തന്നെയാണിത് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയത്.
ബാദുഷയിപ്പോൾ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പെരുമ്പടപ്പ് പൊലീസ് ഇയാളുടെ പരാതിയിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു. ഒളിവിൽ പോയ ഇവർക്കെതിരെ അന്വേഷണം ത്വരിതഗതിയിലാണെന്നും പൊലീസ്.
moral policing at malappuram thirur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here