ഹൈദരാബാദ് പീഡനക്കേസ്; പ്രതിഷേധം ശക്തം; എന്ത് ശിക്ഷ വേണമെങ്കിലും കൊടുക്കൂവെന്ന് പ്രതികളുടെ അമ്മമാർ

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം നടന്ന് നാല് ദിവസം കഴിയുമ്പോൾ പ്രതിഷേധം ശക്തം. പ്രതികൾക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളുവെന്നും താനും ഒരു പെൺകുട്ടിയുടെ അമ്മയാണെന്നും ചെന്ന കേശവുലുവിന്റെ അമ്മ പ്രതികരിച്ചു. ചെന്ന കേശവുലു കേസിലെ പ്രതികളിൽ ഒരാളാണ്. കേസിലെ മറ്റൊരു പ്രതിയായ ശിവയുടെ അമ്മയും പറയുന്നത് ഇതുതന്നെ.
കൊല്ലപ്പെട്ട യുവതിയുടെ കുടുംബം താമസിക്കുന്ന ഹൗസിങ് കോളനിയുടെ പ്രധാന കവാടം അടച്ച മറ്റ് കോളനിക്കാർ രാഷ്ട്രീയക്കാരെയും പൊലീസിനെയും മാധ്യമങ്ങളെയും വിലക്കി പ്ലക്കാർഡുകൾ ഉയർത്തിയിരിക്കുകയാണ്. ‘ വേണ്ട,സഹതാപം…വേണ്ടതു നീതി’നാട് പ്രതിഷേധത്താൽ തിളക്കുന്നു.
അതേ സമയം വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചു. സംഭവത്തിൽ ഞെട്ടിയെന്ന് അറിയിച്ച മുഖ്യമന്ത്രി ആദ്യമായാണ് വിഷയത്തിൽ പ്രസ്താവന നടത്തുന്നത്. തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ യുവതിയുടെ വീട് സന്ദർശിച്ചിരുന്നു.
ഇന്നലെ സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഡോക്ടറെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നെങ്കിലും പൊലീസുകാർ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനാൽ സബ് ഇൻസ്‌പെക്ടർ രവി കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ വേണു ഗോപാൽ, സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ബുധനാഴ്ച രാത്രിയാണ് ബെംഗളൂരു-ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയിൽ ഷംഷാബാദിലുള്ള ടോൾബൂത്തിന് സമീപം 26കാരിയായ വെറ്റനറി ഡോക്ടറെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ്, ജോളു നവീൻ (ക്ലീനർ), ചെന്ന കേശവുലു (ക്ലീനർ), ജോളു ശിവ (ഡ്രൈവർ) എന്നിവർ ചേർന്നാണ് യുവതിയെ ആക്രമിച്ചത്.
നാരായൺപേട്ട് സ്വദേശികളായ ഇവർ, വൈകുന്നേരം 6.15ന് ടോൾപ്ലാസയിൽ സ്‌കൂട്ടർ നിർത്തുന്നത് കണ്ട യുവതിയെ ലൈംഗീകമായി ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. ഇതേ തുടർന്ന് ഇവർ പെൺകുട്ടിയുടെ വാഹനം ആസൂത്രിതമായി പഞ്ചറാക്കി. രാത്രി ഒമ്പത് മണിയോടെ കല്ല് നിറച്ച് ട്രക്കുമായി എത്തിയ ആരിഫും ശിവയും എത്തി, കല്ലിറക്കുന്നത് വൈകിയതിനാൽ ഇവർ പെൺകുട്ടിക്കായി ടോൾ പ്ലാസയിൽ കാത്തു നിന്നു.
പെൺകുട്ടി എത്തിയപ്പോൾ ഇവർ വാഹനത്തിന്റെ ടയർ പഞ്ചറായ വിവരം പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി സഹായ വാഗ്ദാനവും ചെയ്തു. വാഹനം ശരിയാക്കാൻ എന്ന വ്യാജേന കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷം കടകൾ തുറന്നില്ലെന്ന് കള്ളം പറഞ്ഞു. ഈ സമയത്ത് പെൺകുട്ടി സഹോദരിയെ ഫോണിൽ വിളിച്ച വിവരം അറിയിച്ചു. സംഭാഷണം നിർത്തിയ ശേഷം പെൺകുട്ടിയെ പ്രതികൾ ആളൊഴിഞ്ഞ പ്രദേശത്തേക്ക് തള്ളിയിട്ട് ബലാൽസംഗം ചെയ്തു. ശേഷം 9.45 ഓടെ പ്രതികൾ പെൺകുട്ടിയുടെ ഫോൺ ഓഫ് ചെയ്തു.
10.20 ന് പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇവർ മൃതദേഹം വാഹനത്തിനുള്ളിൽ സൂക്ഷിച്ചു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റിയ ശേഷം ഇവർ കടന്നുകളയുകയായിരുന്നു. രാത്രി ഏറെ വൈകി പെട്രോൾ അന്വേഷിച്ച് നടന്ന പ്രതികൾ 2.30ഓടെയാണ് മൃതദേഹം കത്തിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here