Advertisement

ഇറാനിൽ പെട്രോൾ വില വർധനവിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ 208 പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ

December 3, 2019
Google News 0 minutes Read

ഇറാനിൽ പെട്രോൾ വില വർധിപ്പിച്ചതിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമത്തിൽ, 208 പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ. സൈന്യത്തെ അമിതമായി ഉപയോഗിച്ച് പ്രതിഷേധത്തെ അമർച്ച ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് ഇറാനിൽ നടക്കുന്നതെന്ന് മനുഷ്യാവകാശ സംഘടന ആരോപിച്ചു.

വാങ്ങാവുന്ന പെട്രോളിന്റെ അളവ് പരിമതപ്പെടുത്തിയതിലും വില വർധിപ്പിച്ചതിലും പ്രതിഷേധിച്ച് ഇറാനിൽ ആരംഭിച്ച പ്രക്ഷോഭം അടിച്ചമർത്താൻ സർക്കാർ സുരക്ഷാസേനയെ രംഗത്തിറക്കിയിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങളിലായി 208 പേർ കൊല്ലപ്പെട്ടതായാണ് ഇപ്പോൾ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ പുറത്തുവിടുന്ന കണക്കുകൾ. പ്രത്യേകം പുറത്തിറക്കിയ പ്രസ്താവനയിലൂടെയായിരുന്നു സംഘടന ഇക്കാര്യം അറിയിച്ചത്. തങ്ങൾക്ക് ലഭിച്ച വിശ്വാസ്യയോഗ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ കണക്കുകളാണിവയെന്നും യഥാർത്ഥ കണക്ക് പ്രകാരമുള്ള മരണസംഖ്യ ഇതിലും അധികമാകാനാണ് സാധ്യതയെന്നും സംഘടന കൂട്ടിച്ചേർത്തു. എന്നാൽ, റിപ്പോർട്ടിനോട് പ്രതികരിക്കാനോ സംഘർഷങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്താനോ സർക്കാർ തയാറായിട്ടില്ല. മുൻപ് സംഘടന പുറത്തുവിട്ട കണക്കുകൾ ഇറാൻ തള്ളിയിരുന്നു.

അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപിച്ച ആഘാതത്തെ മറികടക്കുന്നതിനാണ് ഇറാൻ പെട്രോൾ വില വർധിപ്പിച്ചത്. 2018ൽ ആണവ കരാറിൽ നിന്ന് അമേരിക്ക പിൻമാറിയതിനെത്തുടർന്ന് ഇറാന്റെ എണ്ണ കയറ്റുമതിക്കുമേൽ കനത്ത ഉപരോധങ്ങളാണ് ഏർപ്പെടുത്തിയത്. വലിയ നിരക്കിൽ സബ്‌സിഡി നൽകിയിരുന്നതിനാൽ ഏറ്റവും വിലക്കുറവിൽ എണ്ണ ലഭിച്ചിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇറാൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here