ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കം; മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് മറ്റ് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ

dispute between orthodox and jacobites in ernakulam pazhamthottam st marys church solved

ഓർത്തഡോക്‌സ് യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് മറ്റ് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ. ശവസംസ്‌കാരം, പള്ളിപ്രവേശം തുടങ്ങിയ വിഷയങ്ങൾ ക്രൈസ്തവ സമൂഹത്തിന് വലിയ വേദന സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇരുസഭാ അധ്യക്ഷന്മാർക്കും കത്തയച്ചു. കത്തിനെ യാക്കോബായ സഭ സ്വാഗതം ചെയ്തു. എന്നാൽ കോടതി വിധി നടപ്പാക്കട്ടെ എന്ന നിലപാടിലാണ് ഓർത്തഡോക്‌സ് സഭ.

കേരളത്തിലെ ക്രൈസ്തവ സഭകൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ മാസം 27ന് സഭാധ്യക്ഷൻമാർ തിരുവനന്തപുരത്ത് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ഉണ്ടായ തീരുമാനപ്രകാരമാണ് ഓർത്തഡോക്‌സ് യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടാനും മധ്യസ്ഥത വഹിക്കാനും തയ്യാറായി മെത്രാപ്പോലീത്തമാർ രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ, ലത്തീൻ സഭാ ആർച്ച് ബിഷപ് ഡോ. എം. സൂസൈപാക്യം, മാർത്തോമാ സഭ മേലധ്യക്ഷൻ ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത, സി.എസ്.ഐ മധ്യകേരള ബിഷപ് തോമസ് കെ.ഉമ്മൻ എന്നിവർ ഇരുസഭാ അധ്യക്ഷന്മാർക്കും കത്തയച്ചു.

സഭാതർക്കം വേദനാജനകമായ കാര്യമാണ്. അതുകൊണ്ട് സഭാതർക്കം പരിഹരിക്കുന്നതിന് അനുരഞ്ജന നീക്കത്തിന് തയ്യാറാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. സിവിൽ നിയമത്തിന് വിധേയമായി, കാനോനിക നിയമപ്രകാരം പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം. അതിന് ഏത് വിധത്തിലുള്ള ചർച്ചയ്ക്കും മുൻകൈയെടുക്കാമെന്നും സഭാധ്യക്ഷന്മാർ വ്യക്തമാക്കി. മധ്യസ്ഥത വാഗ്ദാനം ചെയ്തുകൊണ്ടുള്ള സഭാ മേലധ്യക്ഷൻമാരുടെ കത്തിനെ യാക്കോബായ സഭ സ്വാഗതം ചെയ്തു.

അതേസമയം സുപ്രിംകോടതിയുടെ അന്തിമ വിധിക്ക് വിരുദ്ധമായി യാതൊരുവിധത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്കും തയ്യാറല്ലെന്ന നിലപാടിലാണ് ഓർത്തഡോക്‌സ് സഭ. നേരത്തെ സഭാ തർക്കത്തിൽ സംസ്ഥാന സർക്കാർ അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നെങ്കിലും ഓർത്തഡോക്‌സ് വിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല.

 

Story Highlights : Orthodox, Jacobite, church issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top