സിനിമാക്കാഴ്ചയിൽ 12 മലയാള ചിത്രങ്ങൾ; നാലു ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേത്

ഡിസംബർ ആറിന് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 24ആം പതിപ്പിന് തുടക്കം കുറിക്കുകയാണ്. എല്ലായ്പ്പോഴുമെന്ന പോലെ ഇക്കൊല്ലവും ശ്രദ്ധേയമായ ചില മലയാള ചിത്രങ്ങൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും. ആകെ 12 മലയാള ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ഇതിൽ നാലെണ്ണം പുതുമുഖ സംവിധായകരുടേതാണ്.
ആൻഡ് ദി ഓസ്കാർ ഗോസ് ടു, ഇഷ്ഖ്, കുമ്പളങ്ങി നൈറ്റ്സ്, ഉയരെ, ഉണ്ട, വൈറസ്, രൗദ്രം എന്നിങ്ങനെ തീയറ്റർ റിലീസായ ചിത്രങ്ങളോടൊപ്പം സൈലൻസർ, വെയിൽ മരങ്ങൾ, കെഞ്ചിറ, ഒരു ഞായറാഴ്ച, പനി തുടങ്ങി തീയറ്ററിൽ ഇനിയും റിലീസാവാനുള്ള ചിത്രങ്ങൾ കൂടി ഉൾപ്പെടുന്നതാണ് പട്ടിക. ഈ പട്ടികയിൽ കെഞ്ചിറ, വെയിൽ മരങ്ങൾ, ഉയരെ, വൈറസ് എന്നീ ചിത്രങ്ങൾ ചില ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു കഴിഞ്ഞതാണ്.
ഡോക്ടർ ബിജു സംവിധാനം ചെയ്ത ‘വെയിൽമരങ്ങൾ’ ഒട്ടേറെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണ്. കേരളത്തിലുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് ഹിമാചൽ പ്രദേശിലേക്ക് ജോലിക്കായി പോകുന്ന ഒരു ദളിത് കുടുംബത്തിൻ്റെ കഥയാണ് വെയിൽമരങ്ങൾ ചർച്ച ചെയ്യുന്നത്.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഒരു ഞായറാഴ്ച’ എന്ന സിനിമയുടെ ആദ്യ പ്രദർശനമാണ് ഐഎഫ്എഫ്കെയിൽ നടക്കുക. നാലു പേരുടെ പ്രണയവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ ചില ചർച്ചകളാണ് സിനിമയുടെ പ്രമേയം.
ഒരു ഇടവേളക്കു ശേഷം പ്രിയനന്ദനൻ അണിയിച്ചൊരുക്കിയ ചിത്രമാണ് സൈലൻസർ. വൃദ്ധജനങ്ങളുടെ ജീവിതത്തോടുള്ള വ്യത്യസ്തമായ ഒരു വീക്ഷണമാണ് സിനിമ. സിനിമയുടെ ആദ്യ പ്രദർശനമാണിത്.
20 വർഷത്തെ നാടകാനുഭവങ്ങളുമായി മനോജ് കാന സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് കെഞ്ചിറ. ഗോവൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം ആദിവാസികളുടെ ജീവിതം ചർച്ച ചെയ്യുന്നു.
പനി എന്ന സിനിമ ‘തലൈക്കൂതൽ’ എന്ന ആചാരവുമായി ബന്ധപ്പെട്ട സിനിമയാണ്. സന്തോഷ് മണ്ടൂർ ആണ് സിനിമയുടെ സംവിധായകൻ.
Story Highlights: IFFK, Movies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here