Advertisement

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ നിയമനത്തില്‍ പിടിമുറുക്കി സര്‍ക്കാര്‍

December 6, 2019
Google News 1 minute Read

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ നിയമനത്തില്‍ പിടിമുറുക്കി സര്‍ക്കാര്‍. സംരക്ഷിത അധ്യാപകര്‍ക്കായി തസ്തിക മാറ്റിവയ്ക്കാതെ സ്‌കൂളുകളില്‍ മാനേജര്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മുമ്പു നീക്കിവച്ചിരുന്ന തസ്തിക കുട്ടികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഇല്ലാതായാലും പുതിയ തസ്തിക മാറ്റിവച്ചേ മതിയാകൂ. ഇതില്‍ മാനേജര്‍മാര്‍ക്ക് നിയമനം നടത്താന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു.

കുട്ടികള്‍ കുറഞ്ഞതിനാല്‍ തസ്തിക നഷ്ടപ്പെട്ട സംരക്ഷിത അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ നേരത്തെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് രണ്ട് ഒഴിവുകളുണ്ടായാല്‍ ഒരെണ്ണം സംരക്ഷിത അധ്യാപകര്‍ക്കായി മാറ്റിവയ്ക്കണം. ഇതില്‍ മാനേജര്‍മാര്‍ക്ക് നിയമനം നടത്താന്‍ കഴിയില്ല. എന്നാല്‍ ഇതു കണക്കിലെടുക്കാതെ പുതിയതായുണ്ടായ എല്ലാ ഒഴിവുകളിലും മാനേജര്‍മാര്‍ നിയമനം നടത്തി. ഈ സാഹചര്യത്തില്‍ 2019 ജൂണ്‍ ആറിനകം സംരക്ഷിത അധ്യാപകരെ നിയമിക്കുകയോ തസ്തിക ഇവര്‍ക്കായി മാറ്റിവയ്ക്കുമെന്ന് സത്യവാങ്മൂലം നല്‍കുകയോ ചെയ്താലേ സ്‌കൂളില്‍ മാനേജര്‍മാര്‍ നടത്തിയ ഈ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുകയുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇങ്ങനെ സംരക്ഷിത അധ്യാപകര്‍ക്കായി തസ്തിക മാറ്റിവച്ചെന്ന് സത്യവാങ്മൂലം നല്‍കിയ ചില മാനേജര്‍മാരുടെ സ്‌കൂളുകളില്‍ ഈ തസ്തിക ഇല്ലെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഈ തസ്തിക 2019-20 ലെ തസ്തിക നിര്‍ണയത്തില്‍ കുട്ടികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഇല്ലാതായെന്നാണ് കണ്ടെത്തിയത്. അതിനാല്‍ മറ്റു നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതംഗീകരിച്ചില്ല.

ഈ വര്‍ഷം പുതിയതായുണ്ടായ ഒഴിവുകള്‍ സംരക്ഷിത അധ്യാപകര്‍ക്കായി മാറ്റിവയ്ക്കണമെന്നു അധിക തസ്തിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തരുതെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ഈ ഒഴിവുകളില്‍ മാനേജര്‍മാര്‍ക്ക് നിയമനം നടത്താന്‍ കഴയില്ല. ഇങ്ങനെ ഒഴിവു മാറ്റിവച്ച് പുതിയ സത്യവാങ്മൂലം നല്‍കാതെ മുമ്പ് നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. സത്യവാങ്മൂലം നല്‍കിയാല്‍ മാത്രം മുമ്പുള്ള നിയമനങ്ങള്‍ക്ക് നിയമനം നടത്തിയ തീയതി മുതല്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അംഗീകാരം നല്‍കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here