ഫീലാസ് ചൈല്‍ഡ്: വര്‍ണവിവേചനത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധങ്ങളെയും ബന്ധനങ്ങളെയും പറ്റി സംസാരിക്കുന്ന സിനിമ

ഫീലക്ക് നാലു മക്കളാണ്. അങ്ങനെയിരിക്കെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വെളുത്ത വര്‍ഗക്കാരനായ കുഞ്ഞിനെ അവള്‍ കണ്ടെത്തുന്നു. കുഞ്ഞിനെ ദത്തെടുത്ത് അവള്‍ വളര്‍ത്തുന്നു. അവന് ബെഞ്ചമിന്‍ എന്ന് പേരിടുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം സെന്‍സസ് എടുക്കാന്‍ വരുന്ന ചില വെള്ളക്കാര്‍ ഈ കുഞ്ഞിനെ കാണുകയും പണ്ടൊരിക്കല്‍ വെള്ളക്കാരായ ദമ്പതികള്‍ക്ക് നഷ്ടപ്പെട്ട കുഞ്ഞാണിതെന്നും അവകാശപ്പെടുകയും ചെയ്യുന്നു. ഫീലയുടെ തടസവാദങ്ങള്‍ മുഖവിലക്കെടുക്കാതെ അവര്‍ അവനെ മജിസ്‌ട്രേറ്റിനരികിലേക്ക് കൊണ്ടു പോകുന്നു. അവിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കുഞ്ഞിനെ നഷ്ടപ്പെട്ട ബാര്‍ത എത്തുന്നു. ബെഞ്ചമിനോടൊപ്പം നാലു കുട്ടികളെക്കൂടി നിരത്തി നിര്‍ത്തി അന്ന് നഷ്ടപ്പെട്ട കുഞ്ഞിനെ കണ്ടെത്താന്‍ കഴിയുമോ എന്ന് മജിസ്‌ട്രേറ്റ് ചോദിക്കുന്നു. ഇങ്ങനെയാണ് കഥ വികസിക്കുന്നത്. പിന്നീട്, അമ്മയും മകനും രണ്ടിടങ്ങളിലിരുന്ന് രണ്ട് രീതിയില്‍ നടത്തുന്ന സമരമാണ് സിനിമ സംസാരിക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ സംവിധായകന്‍ ബ്രെറ്റ് മൈക്കല്‍ ഇന്‍സ് സംവിധാനം ചെയ്ത ചിത്രം മനോഹരമായി ക്രാഫ്റ്റ് ചെയ്യപ്പെട്ട ഒരു ചലച്ചിത്രാവിഷ്‌കാരമാണ്. വൈറ്റ് സുപ്രീമസിയുടെയും പുരുഷാധിപത്യത്തിന്റെയും പശ്ചാത്തലത്തില്‍ ബന്ധങ്ങളുടെ തീവ്രതയാണ് സംവിധായകന്‍ വരച്ചുകാട്ടുന്നത്. വൈകാരികമായ ഒട്ടേറെ രംഗങ്ങള്‍ സിനിമക്ക് ശക്തി പകരുന്നു. നിസ്സഹായതയുടെ രണ്ടറ്റങ്ങളിലൂടെ രണ്ട് പേരുടെ ജീവിതത്തിന്റെ റൂട്ട് മാപ്പ് നമുക്കിട്ടുതരുന്ന സംവിധായകന്‍ ശക്തമായ പ്രമേയമാണ് പറഞ്ഞു വെക്കുന്നത്.
ഗംഭീര ഫ്രെയിമുകളും ലൊക്കേഷനുമാണ് സിനിമയില്‍ എടുത്തു പറയേണ്ടത്. ചിലപ്പോഴൊക്കെ ഒരു എണ്ണഛായ ചിത്രമെന്ന് തോന്നിപ്പോകുന്ന ജീവനുള്ള ഫ്രെയിമുകള്‍. ഫീല എന്ന അമ്മയുടെയും ബെഞ്ചമിന്‍ എന്ന മകന്റെയും പോരാട്ടങ്ങളെ ചിത്രീകരിച്ചിരിക്കുന്ന രീതി ഒന്നന്തരമാണ്. അതിനൊപ്പം സിനിമ അവസാനത്തിലേക്കെത്തുമ്പോള്‍ ഏറെ ഗംഭീരമാവുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോറും എടുത്തു പറയണം.
സിനിമ കണ്ടവസാനിക്കുമ്പോള്‍ സന്തോഷത്തിന്റെ കണ്ണീര്‍ച്ചാലുകള്‍ കവിളിലൂടെ ഒഴുകുമെന്ന ഗ്യാരന്റിയുണ്ട്. മനസ്സു നിറഞ്ഞ് തിയറ്റര്‍ വിട്ടിറങ്ങാം. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ ആദ്യ പ്രദര്‍ശനമാണ് ഇന്ന് കഴിഞ്ഞത്. ഞായറാഴ്ച വൈകിട്ട് ആറിന് ധന്യയിലും ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിക്ക് കൈരളിയിലുമാണ് സിനിമയുടെ ഇനിയുള്ള പ്രദര്‍ശനങ്ങള്‍.
– ബാസിത്ത് ബിന്‍ ബുഷ്റ
Story Highlights- Filas Child, iffk 2019, 24th iffk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here