മേളയിൽ തിയറ്റർ റിലീസായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു; പ്രധാന വേദിക്ക് പുറത്ത് പ്രതിഷേധവുമായി സ്വതന്ത്ര സിനിമാ പ്രവർത്തകർ

രാജ്യാന്തര ചലച്ചിത്ര മേളകളിൽ സമാന്തര സിനിമകൾക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന ആക്ഷേപവുമായി സിനിമാ പ്രവർത്തകരുടെ പ്രതിഷേധം. തിയറ്റർ റിലീസായ സിനിമകൾ വീണ്ടും മേളയിൽ പ്രദർശിപ്പിക്കുന്നതിനെതിരെയാണ് ഇവർ പ്രതിഷേധ സ്വരമുയർത്തിയത്.
പ്രധാന വേദിയായ ടാഗോർ തിയറ്ററിന്റെ അങ്കണത്തിലായിരുന്നു പ്രതിഷേധം. സമാന്തര സിനിമാ പ്രവർത്തകർ ഒത്തുകൂടി ഇത്തരം സിനിമകൾക്ക് കൂടുതൽ ഇടം മേളയിൽ ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. മേളയും അക്കാദമിയും സ്വീകരിക്കുന്ന ഇത്തരം സമീപനങ്ങൾ സമാന്തര സിനിമാ മേഖലയെ തകർക്കുമെന്നും അവർ കുറ്റപ്പെടുത്തി.
നേരത്തെ, മേളയിൽ പ്രദർശിപ്പിക്കേണ്ട മലയാള സിനിമകൾ തെരഞ്ഞെടുക്കാൻ ജൂറിക്ക് പൂർണമായും അധികാരം നൽകിയിരുന്നുവെന്നും അവർ തെരഞ്ഞെടുത്ത സിനിമകളാണ് പ്രദർശിപ്പിച്ചതെന്നും അക്കാദമി വൈസ് ചെയർപേഴ്‌സൺ ബീന പോൾ ട്വെന്റിഫോർ ഓൺലൈനിനോട് പറഞ്ഞിരുന്നു. മേളയിലെത്തുന്ന വിദേശികളായ സിനിമാ പ്രേമികളെക്കൂടി കണക്കിലെടുത്താണ് ചിത്രങ്ങൾ തെരഞ്ഞെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. സിനിമകൾ കാണുമ്പോൾ മലയാള സിനിമകളെപ്പറ്റി അവർക്ക് കൃത്യമായ ബോധം ഉണ്ടാവണമെന്നു ചിന്തിച്ചാണ് സിനിമകൾ തെരഞ്ഞെടുത്തത്. ഒരുപാട് സിനിമകൾക്കിടയിൽ നിന്ന് ചില ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെടുമ്പോൾ മറ്റു ചില ചിത്രങ്ങൾ ഒഴിവാക്കപ്പെടും. അതിൽ വിഷമമുണ്ടെന്നും ബീന പോൾ പറഞ്ഞു.
ഉണ്ട, ഇഷ്ഖ്, കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്, ആൻഡ് ദി ഓസ്‌കാർ ഗോസ് ടു, ഉയരെ തുടങ്ങിയ ചിത്രങ്ങളാണ് തീയേറ്റർ റിലീസായ സിനിമകളുടെ പട്ടികയിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here