24ന് ഒന്നാം പിറന്നാൾ; വാർഷിക ദിനത്തിൽ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് ട്വന്റിഫോർ; കർമപദ്ധതികളുടെ പൂർണ രൂപം

സെപ്തംബർ 18 പകൽ എട്ടുമണി. നെടുമങ്ങാട് ജപ്തിയുടെ പേരിൽ ബാങ്ക് അധികൃതർ ഒരു പാതിര പുറത്തിരുത്തിയ അഞ്ചാംക്ലാസുകാരി വേണിയുടെ കുടുംബത്തിന് ട്വന്റിഫോർ വീടൊരുക്കി നൽകുമെന്ന് പ്രഖ്യാപിച്ചത് അന്നായിരുന്നു. ചൂണ്ടിക്കാണിക്കുന്നതിന് അപ്പുറം ചാരേക്ക് ചേർത്തുനിർത്തുന്നത് കൂടിയാണ് മാധ്യമധർമമെന്ന ഓർമപ്പെടുത്തൽ കൂടിയായിരുന്നു വേണിക്ക് മുന്നിൽ തുറന്ന ആ വാതിലുകൾ. ആ ദൗത്യം തുടരുക തന്നെയാണ്. പുതുതലമുറ ഭാഷയിൽ പറഞ്ഞാൽ പൊളിച്ചെഴുതുക തന്നെയാണ്. ഇതുവരെ കണ്ട ദൃശ്യഭാഷാവ്യാകരണങ്ങളുടെ പകർപ്പുപുസ്തകമാകാതെയുള്ള പൊളിച്ചെഴുത്ത്. വേണി ആ പൊളിച്ചെഴുത്തിൻറെ തണലറിഞ്ഞ ആദ്യകണ്ണിയാണെങ്കിൽ ആ ചങ്ങല ഇതാ ഈ പിറന്നാൾ ദിനത്തിൽ നീട്ടികെട്ടുകയാണ്.
പരിഗണനയിൽ ആദ്യം കുഞ്ഞുങ്ങൾ തന്നെയാണ്. പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന ഇരുപത്തിനാല് വിദ്യാലയങ്ങളെ ട്വന്റിഫോർ ഏറ്റെടുക്കും. ഒപ്പം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഇരുപത്തിനാല് കുരുന്നുകൾക്കും അവരുടേതായ വൈഭവവഴിയിൽ വെളിച്ചമാകും. ഒപ്പം ക്രിയാത്മക ചർച്ചാവേദികളാക്കി കേരളത്തിലെ ക്യാംപസുകളെ മാറ്റാൻ യൂത്ത് പാർലമെന്റുകളൊരുക്കും. ഈ യാത്ര അതിരുകളില്ലാ സ്വപ്നങ്ങളുടേതുകൂടിയാണെന്നിരിക്കേ ആകാശമോഹികളായ ആറുപേരെ നാസയുടെ സ്‌കോളർഷിപ്പിന്റെ ഭാഗമാക്കും.
ഒപ്പം ആശ്രിതരുടെ കൈപിടിക്കുന്ന പദ്ധതികൾ വേറെയും. വഴിയോരങ്ങളിൽ ഉപേക്ഷിച്ചുപോയ ഇരുപത്തിനാല് അമ്മമാർക്ക് വീടൊരുങ്ങും. ഇരുപത്തിനാല് ആതുരാലയങ്ങളേയും ഇരുപത്തിനാല് അഗതിമന്ദിരങ്ങളേയും ട്വന്റിഫോർ ഏറ്റെടുക്കും. ഇരുപത്തിനാല് ഊരുകൾക്ക് കാവലാകും. മഹാപ്രളയങ്ങളോർമിപ്പിച്ച പ്രകൃതിയിലേക്കുള്ള മടക്കത്തിലേക്കും നമുക്ക് ഒരുമിച്ച് നിൽക്കാം. നവകേരള നിർമാണത്തിനായി റീ ബിൽഡ് കേരളാ ഇനീഷ്യേറ്റീവുമായി ചേർന്ന് ട്വന്റിഫോർ ആരംഭിച്ച റൌണ്ട് ടേബിൾ ചർച്ചകൾ തുടരും. കയ്യേറി കലങ്ങിയ പുഴകളെ വീണ്ടെടുക്കാനുള്ള യജ്ഞം തുടങ്ങും. ടൂറിസസാധ്യതയുള്ള ഇരുപത്തിനാല് പ്രാദേശികയിടങ്ങൾക്ക് വികസനവിഭവങ്ങളൊരുക്കും. മികച്ച സംരംഭക ആശയങ്ങളുള്ള ഇരുപത്തിനാലുപേർക്ക് അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള പശ്ചാത്തലം ഒരുക്കും.
ലക്ഷ്യം വിവരദാതാക്കൾ എന്നതിനൊപ്പം സമൂഹിക ഉന്നമനം യാഥാർഥ്യമാക്കുന്നതിനുള്ള ഇടപെടലുകളും പൊതുജനാഭിപ്രായ സമാഹരണവും തന്നെ. തുല്യനീതിക്കായി, സ്ത്രീ ശാക്തീകരണത്തിനായി, ആരോഗ്യസുരക്ഷയ്ക്കായി, വിദ്യഭ്യാസവികാസത്തിനായി, സമൂഹത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്കായി മാധ്യമങ്ങളിൽ നിന്ന് കാലഘട്ടം ആവശ്യപ്പെടുന്ന കടമ ഒരു പിറന്നാൾ മാനിഫെസ്റ്റോയാകുന്നു. ഒത്തുതീർപ്പുകളില്ലാതെ,സമരസപ്പെടലുകളില്ലാതെ, വളച്ചൊടിക്കലുകളില്ലാതെ, വ്യാഖ്യാനങ്ങളില്ലാതെ വാർത്തകളെത്തുന്ന ട!്വന്റിഫോർ ന്യൂസ് റൂം ഇനി വാർത്തയറിക്കലിനപ്പുറം, വാർത്താവിശകലനങ്ങൾക്കപ്പുറം പ്രേക്ഷകരിലേക്കുള്ള വലിയ വാതിലുകൾ തുറന്നിടുന്നു. പോയ പകലിരവുകളിൽ ഞങ്ങളിലേക്ക് നോക്കിയ നിങ്ങളിലേക്ക് ഞങ്ങളും കാഴ്ച മാറ്റുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here