കപടദേശീയത കലയെ ബാധിക്കുന്നു; അത് അപകടകരം: കമല്‍
കപടദേശീയതയും ഫാസിസവും കലയെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. ഫാസിസം പിടിമുറുക്കിക്കൊണ്ടിരുന്ന അവസ്ഥയില്‍ മതനിരപേക്ഷത അനിവാര്യമായ ഒന്നാണെന്നും കമല്‍ ട്വന്റിഫോര്‍ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഫാസിസം അത്ര മാത്രം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ സെക്യുലറിസത്തില്‍ നിന്ന് വല്ലാതെ അകന്നു പോകുന്നുണ്ട്. കപടദേശീയതയെ പറഞ്ഞു കൊണ്ട് അതല്ലെങ്കില്‍, കപട മതവാദം മതേതരത്വം എന്നത് കാപട്യമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു വലിയ വലതുപക്ഷ ആളുകള്‍ പുറത്തുള്ളപ്പോള്‍ ഒരു പ്രതിരോധം എന്ന നിലയിലാണ് ഈ ഐഎഫ്എഫ്‌കെയെ കണക്കാക്കുന്നത്. ഈ സിനിമകളൊക്കെ പ്രതിഷേധമാണ്.’ കമല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തനിക്കെതിരെയും ചില സിനിമകള്‍ക്കെതിരെയുമുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ പോരടിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിന് മറ്റു മാര്‍ഗങ്ങളില്ല. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ അത്തരത്തിലുള്ളതായതു കൊണ്ട് തന്നെ അതിനോട് പോരടിക്കുക എന്നതാണ് മാര്‍ഗം. ഇത്തരം നയങ്ങളുടെ പുറത്ത് മേളയില്‍ ചില സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കാതിരിക്കുമ്പോള്‍ കോടതിയില്‍ പോയി അതിനുള്ള അനുവാദം നേടിയെടുക്കാറുണ്ട്. അതൊരു പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘാടനത്തിന് കൂടുതല്‍ സൗകര്യമുള്ളതു കൊണ്ടാണ് കൈരളി, ശ്രീ, നിള തീയറ്റര്‍ സമുച്ചയങ്ങളില്‍ നിന്ന് പ്രധാന വേദി മാറ്റിയതെന്നും അക്കാദമിക്ക് ആള്‍ക്കൂട്ടപ്പേടി ഇല്ലെന്നും കമല്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ മേള പരിഷ്‌കരിച്ചിട്ടുണ്ടെന്നും ഇനിയും അങ്ങനെ പരിഷ്‌കരിച്ച് കൂടുതല്‍ സമാന്തര സിനിമകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Story Highlights- iffk 2019, 24th iffk, kamal, Hypocrisy affects art
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here