രാജ്യാന്തര ചലച്ചിത്രമേള പുരോഗമിക്കുന്നു; ‘പാരസൈറ്റ്’ഉൾപ്പെടെ 63 ചിത്രങ്ങൾ പ്രദർശിപ്പിക്കും
രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് ‘പാരസൈറ്റ് ‘ ഉൾപ്പെടെ 63 ചിത്രങ്ങൾ പ്രദർശിപ്പിക്കും. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ അമ്മ പ്രഭാവതിയമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ‘മായി ഘട്ട് : ക്രൈം നം.103/2005 ന്റെ ആദ്യ പ്രദർശനം ഇന്ന് നടക്കും. ഗീതുമോഹൻ ദാസ് സംവിധാനം ചെയ്ത മൂത്തോൻ, ആർകെ കൃഷ്ണാന്ദിന്റെ മത്സര ചിത്രം ‘വൃത്താകൃതിയിലുള്ള ചതുരവും’ ഇന്ന് പ്രദർശിപ്പിക്കും.
പാം ഡി ഓർ ഉൾപ്പടെ വിവിധ മേളകളിൽ നിന്നായി 15 ലധികം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ദക്ഷിണ കൊറിയൻ ചിത്രം ‘പാരസൈറ്റാണ് ഇന്നത്തെ പ്രധാന ആകർഷണം. വൈകിട്ട് ആറിന് നിശാഗന്ധിയിൽ ആണ് ലോകസിനിമാ വിഭാഗത്തിലുള്ള ഈ ചിത്രത്തിന്റെ പ്രദർശനം.
ഗീതു മോഹൻദാസ് ചിത്രം മൂത്തോൻ ഇന്ന് കാലിഡോസ്‌കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആർകെ കൃഷ്ണാന്ദിന്റെ വൃത്താകൃതിയിലുള്ള ചതുരത്തിന്റെ ആദ്യ പ്രദർശനവും ഇന്നുണ്ടാകും.
കേരളത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് ആധാരമാക്കി ആനന്ദ് നാരായൺ മഹാദേവൻ സംവിധാനം ചെയ്ത മറാത്തി ചിത്രം മായി ഘട്ട് – ക്രൈം നമ്പർ 103/2005 എന്ന ചിത്രവും ഇന്ന് പ്രദർശിപ്പിക്കും. അമ്മ പ്രഭാവതിയമ്മയെ അനശ്വരമാക്കിയ ഉഷാ ജാദവിന് ഗോവൻ മേളയിൽ മികച്ച നടിക്കുള്ള രജത ചകോരം ലഭിച്ചിരുന്നു. സിംഗപ്പൂർ ദക്ഷിണ ഏഷ്യൻ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാരവും ചിത്രം നേടിയിട്ടുണ്ട്. ലോകസിനിമാ വിഭാഗത്തിലെ ഏഴു സിനിമകളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനവും ഇന്നുണ്ടാകും. ടു ബാർ വൺ, മൈ ന്യൂഡിറ്റി മീൻസ് നത്തിംഗ്, ഹാപ്പി എൻഡ് എന്നീ ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here