വെളുത്ത വാനുകളെ സൂക്ഷിക്കുക, ജനങ്ങൾക്ക് മനുഷ്യക്കടത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബാൾട്ടിമോർ മേയർ

ഭയപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി യുഎസിലെ ബാൾട്ടിമോർ മേയർ ബെർണാഡ് ജാക്ക് യംഗ്.പാർക്കിങ് ഏരിയയിൽ നിങ്ങളുടെ വാഹനത്തിന് സമീപം ഒരു വെളുത്ത വാൻ കണ്ടാൽ അത് അപായമാണെന്ന് മനസിലാക്കുക. ആ വാഹനത്തെ മറികടക്കുകയോ നിങ്ങളുടെ വാഹനത്തിന് സമീപം പോകുകയോ ചെയ്യരുതെന്ന മുന്നറിയിപ്പാണ് അദ്ദേഹം ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. യുഎസ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ജാക്ക് യംഗിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.

ഈ വാഹനങ്ങളിൽ വരുന്നവർ മനുഷ്യക്കടത്ത് സംഘത്തിലുള്ളവരാണെന്നും സ്ത്രീകളെയും കുട്ടികളെയും പല സ്ഥലങ്ങളിൽ നിന്ന് തട്ടിയെടുക്കുന്നതായും പറയപ്പെടുന്നു. പല കൊലപാതകങ്ങൾക്ക് പിന്നിലും ഇവരാണെന്നാണ് ആളുകൾ വിശ്വസിക്കുന്നത്.

‘ആളുകളുടെ ശരീര ഭാഗങ്ങൾ ഇവർ മാഫിയ സംഘത്തിന് വിൽക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല’ ബാൾട്ടിമോർ മേയർ പറയുന്നു.

നഗരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വെളുത്ത വാനുകളെ പറ്റി നിറംപിടിപ്പിച്ച കഥകൾ സമൂഹ മാധ്യമങ്ങളിൽ അതിവേഗമാണ് പ്രചരിച്ചത്. നിരവധി പേർ വിഷയത്തിൽ ആശങ്ക പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റുകൾ വ്യാപകമായതോടെ ഇത്തരം വാനുകൾ ഉപയോഗിക്കുന്നവരെ കൈകാര്യം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. ഒരുപാട് സ്ത്രീകൾ ഇത്തരം അനുഭവങ്ങൾ ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞു. ഇത്തരം പോസ്റ്റുകൾ ട്രെൻഡിംഗ് ആവുന്നത് വളരെ വേഗത്തിലാണ്.

ഈ സമയത്താണ് മേയർ മുന്നറിയിപ്പ് നൽകിയത്. കൈയിൽ എപ്പോഴും മൊബൈൽ ഫോൺ ഉണ്ടെന്നു ഉറപ്പ് വരുത്താനും ഇത്തരം വാനുകളുടെ മുമ്പിൽ പെടാതിരിക്കാനും ജാക്ക് യംഗ് പറയുന്നു.

പൊലീസുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയില്ലെന്നും ഭയന്നുനിൽക്കുന്ന ജനതക്ക് മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശമെന്നും മേയർ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ അനുഭവമുണ്ടായാൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുകയല്ല വേണ്ടത്. 911 എന്ന നമ്പറിൽ വിളിച്ച് പറയണമെന്നാണ് ജോർജിയ പൊലീസ് പറയുന്നത്.

വെളുത്ത വാനുകൾ ഒരു പ്രശ്‌നമാണെന്ന കാര്യം പൊലീസ് നിഷേധിക്കുന്നില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. ബാൾട്ടിമോർ, ജോർജിയ, ടെക്‌സസ്, വാഷിംഗ്ടൺ, മിസിസിപ്പി, ഒക്ക്‌ലഹോമ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് പെൺവാണിഭവും മനുഷ്യക്കടത്തും നടത്തുന്ന സംഘങ്ങൾ ആളുകളുടെ ശ്രദ്ധ തിരിക്കാൻ നടത്തുന്ന പ്രചാരണമാണ് ഇതെന്ന് സംശയിക്കുന്നതായി ബാൾട്ടിമോറിലെ പൊലീസും കൗൺസിലറും പറയുന്നു. ഫേസ്ബുക്ക് നടത്തിയ ഫാക്ട് ചെക്കിൽ പല പോസ്റ്റുകളും നുണയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

 

 

beware of white van,  baltimore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top