അവിവാഹിതരായ പുരുഷനും സ്ത്രീക്കും ഹോട്ടൽ മുറിയിൽ ഒരുമിച്ച് താമസിക്കാം; ക്രിമിനൽ കുറ്റമല്ലെന്ന് മദ്രാസ് ഹൈക്കോടതി

അവിവാഹിതരായ പുരുഷനും സ്ത്രീയും ഹോട്ടൽ മുറിയിൽ ഒരുമിച്ച് താമസിക്കാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഹോട്ടലിൽ മുറിയെടുക്കുന്നതും ഒരുമിച്ച് താമസിക്കുന്നതും ക്രിമിനൽ കുറ്റമല്ലെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം. എസ് രമേശാണ് നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.
അവിവാഹിതരാണെന്ന കാരണത്താൽ താമസിക്കുന്ന മുറിയിൽ പൊലീസ് കയറി പരിശോധിക്കുന്നത് നിയമ വിരുദ്ധമായ നടപടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കോയമ്പത്തൂരിൽ ‘അവിവാഹിതരായ സ്ത്രീക്കും പുരുഷനും മുറി’ എന്ന ഓൺലൈൻ ആപ്ലിക്കേഷന്റെ പരസ്യത്തിനെതിരെ സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ പൊലീസ് ഹോട്ടൽ റെയ്ഡ് നടത്തുകയും അവിവാഹിതരായ സ്ത്രീയേയും പുരുഷനേയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ നടപടിക്കെതിരെ യുവതിയും യുവാവും നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
മുറിയിൽ നിന്ന് മദ്യം പിടിച്ചെടുത്തതിനേയും കോടതി വിമർശിച്ചു. നിയമപരമായി മദ്യം വിൽക്കുന്നതിനോ വിളമ്പുന്നതിനോ അനുവാദമുണ്ടെങ്കിൽ മുറിയിലെ മദ്യം പിടിച്ചെടുത്ത നടപടി തെറ്റാണെന്നും ജസ്റ്റിസ് എം എസ് രമേശ് പറഞ്ഞു. ഹോട്ടലിന് ലൈസൻസില്ലെങ്കിൽ പോലും റൂമിൽ മുറിയെടുത്തവർ സ്വന്തം നിലക്ക് മദ്യം കൊണ്ടുവരുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്ന് മനസിലാകുന്നില്ലെന്നും ജഡ്ജി വ്യക്തമാക്കി.
കഴിഞ്ഞ ജൂണിലാണ് സംഭവം നടന്നത്. ഹോട്ടൽ മുറി ബുക്കിംഗ് ആപ്ലിക്കേഷനാണ് അവിവാഹിതരായ പുരുഷനും സ്ത്രീക്കും മുറി നൽകുമെന്ന് പരസ്യം നൽകിയത്. തുടർന്ന് വിവധ സംഘടനകൾ ഇതിനെതിരെ രംഗത്തെത്തി. തുടർന്ന് പൊലീസ് ഹോട്ടലിൽ റെയ്ഡ് നടത്തുകയും ചിലരെ അറസ്റ്റ് ചെയ്ത് ഹോട്ടൽ പൂട്ടുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here