മാന്‍ഹോളുകള്‍ വൃത്തിയാക്കുന്ന ബന്‍ഡികൂട്ടിന്റെ വന്‍ തോതിലുള്ള ഉത്പാദനത്തിന് ടാറ്റയുമായി കൈകോര്‍ക്കും

മാന്‍ഹോളുകള്‍ വൃത്തിയാക്കുന്ന റോബോട്ടായ ബന്‍ഡികൂട്ടിനെ അവതരിപ്പിച്ച ജെന്റോബോട്ടിക്‌സ് ടാറ്റയുമായി കൈകോര്‍ത്ത് വന്‍ തോതിലുള്ള ഉത്പാദനത്തിന് തയാറെടുക്കുന്നു. ആദ്യ വര്‍ഷം 3000 ബന്‍ഡികൂട്ട് മെഷീനുകള്‍ വിപണിയിലിറക്കാനാണ് ആലോചന.

കുഴല്‍ക്കിണറില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന റോബോട്ട്, ഉയരം കൂടിയ കെട്ടിടങ്ങളുടെ പുറം ശുചീകരണത്തിന് അനുയോജ്യമായ യന്ത്രം എന്നിവയുടെയൊക്കെ പണിപ്പുരയിലാണ് ജെന്‍ റോബോട്ടിക്‌സിലെ യുവസംഘം പറയുന്നു.

2014- 15 കാലത്ത് എംഇഎസ് എന്‍ജിനിയറിംഗ് കോളജില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പഠിച്ചിരുന്ന എട്ട് പേരടങ്ങുന്ന യുവസംഘമാണ് ജെന്‍ റോബോട്ടിക്‌സിന് പിന്നില്‍. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 2017 ല്‍ ആരംഭിച്ച കമ്പനി മികച്ച സ്റ്റാര്‍ട്ടപ്പായി പേരെടുത്തു.ഇന്ന് 70 ഓളം ജീവനക്കാര്‍ ഇവര്‍ക്കൊപ്പമുണ്ട്. കേരള സ്റ്റാര്‍ട്ട് അപ് മിഷനും, വാട്ടര്‍ അതോറിറ്റിയുമാണ് മാന്‍ഹോളുകളുടെ ശുചീകരണത്തിനായി നവ പദ്ധതി തയാറാക്കാന്‍ ഇവരോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് രൂപം കൊണ്ട ബന്‍ഡിക്കൂട്ട് 2.0 വെര്‍ഷനിലെത്തിയിരിക്കുകയാണ്.

15 മീറ്റര്‍ ആഴത്തിലേക്ക് വരെ മെഷീന്‍ ഇറങ്ങും. മാന്‍ഹോളിലെ ബ്ലോക്കുകള്‍ നിരീക്ഷിച്ച് കണ്ടെത്താന്‍ ക്യാമറകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ തടസം മാറ്റാന്‍ യന്ത്രക്കൈകള്‍. മലിനജലത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് മാറ്റാന്‍ സ്റ്റീല്‍ ബക്കറ്റ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

നിലവില്‍ ഒമ്പത് സംസ്ഥാനങ്ങള്‍ ബന്‍ഡിക്കൂട്ടിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഇതിനോടകം ഇവരെ തേടിയെത്തിയിട്ടുമുണ്ട്. വന്‍ തോതിലെ ഉത്പാദനത്തിലേക്ക് കടക്കുകയാണ് ജെന്‍ റോബോട്ടിക്‌സ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top