ഐഎഫ്എഫ്കെ; ഇന്ന് കാണേണ്ട അഞ്ച് സിനിമകൾ

1. റോസി-അയർലണ്ട്

ഐറിഷ് സംവിധായകൻ പാഡി ബ്രെത്നാച്ചിന്റെ മനോഹര ചിത്രം. റോസിയും കുടുംബവും വാടകക്ക് ഒരു വീട്ടിലാണ് താമസം. വീട്ടുടമസ്ഥൻ ആ വീട് വിൽക്കുന്നതോടെ ഇവർ പ്രതിസന്ധിയിലാവുന്നു. റോസിയും പാർട്ണർ ജോൺ പോളും ചേർന്ന് ആ പ്രതിസന്ധിയെ മറികടക്കുന്നതാണ് ചിത്രം ചർച്ച ചെയ്യുന്നത്.

നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച സിനിമ ഒരു പുരസ്കാരം നേടിയിട്ടുണ്ട്.

പ്രദർശനം: കലാഭവൻ തീയറ്ററിൽ രാവിലെ 9.15ന്.

2. ഗോഡ് എക്സിസ്റ്റ്സ്, ഹെർ നേം ഈസ് പെട്രൂണിയ- മാാസഡോണിയ

ടിയോണ മിടെവ്സ്ക എന്ന മാസഡോണിയൻ വനിതാ സംവിധായിക ഒരുക്കിയ, ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രം. യാഥാസ്ഥിതികരായ ഒരു സമൂഹത്തിൽ സ്ത്രീക്ക് അധികാരം/അവകാശം കിട്ടുമ്പോഴുണ്ടാകുന്ന സമൂഹത്തിന്റെ പ്രതികരണമാണ് സിനിമയുടെ പ്രമേയം. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടായ സംഭവങ്ങളുമായി സമരസപ്പെടുന്ന കാര്യങ്ങളാണ് ഈ സിനിമയും ചർച്ച ചെയ്യുന്നത്.

നിരവധി ചലച്ചിത്ര മേളകളിൽ നിന്നായി രണ്ട് പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കി.

പ്രദർശനം: ശ്രീ പദ്മനാഭയിൽ ഉച്ചതിരിഞ്ഞ് മൂന്നിന്.

3. പാരസൈറ്റ്- കൊറിയ

ബോങ് ജോങ്-ഹോ എന്ന കൊറിയൻ സംവിധായകൻ അണിയിച്ചൊരുക്കിയ ഗംഭീര സിനിമ. തൊഴിലില്ലാതെ കഷ്ടപ്പെടുന്ന ഒരു കുടുംബത്തിന്റെ അതിജീവനം ചർച്ച ചെയ്യുന്ന ചിത്രം ബന്ധങ്ങളുടെ സങ്കീർണതയും ചർച്ച ചെയ്യുന്നു.

നിരവധി ചലച്ചിത്ര മേളകളിൽ സിനിമ പ്രദർശിപ്പിച്ചു.

പ്രദർശനം: ടാഗോർ തീയറ്ററിൽ ഉച്ചതിരിഞ്ഞ് 2.15ന്.

4. സോറി വീ മിസ്ഡ് യൂ- യുകെ

ഇംഗ്ലീഷ് സംവിധായകൻ കെൻ ലോക് ഒരുക്കിയ ചിത്രം. കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു കുടുംബത്തിന്റെ ശ്രമങ്ങളാണ് സിനിമ സംസാരിക്കുന്നത്. ഒരു ജോലി സാധ്യത തെളിയുന്നതോടെ കടത്തിൽ നിന്ന് രക്ഷപ്പെടാൻ സാധ്യത തെളിയുന്നുണ്ടെങ്കിലും ചില തിരിച്ചടികൾ ഉണ്ടാവുന്നു.

കാൻസ് ചലച്ചിത്ര മേളയിൽ സിനിമ പ്രദർശിപ്പിച്ചു.

5. കാമിൽ- ഫ്രാൻസ്

ബോറിസ് ലോയ്കിൻ എന്ന ഫ്രഞ്ച് സംവിധായകന്റെ സിനിമ. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കുകളിലെ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുമ്പോൾ അത് ചിത്രീകരിക്കാൻ കാമിൽ എന്ന യുവതിയായ ഫോട്ടോഗ്രാഫറെത്തുന്നു. കലാപഭൂമിയിലെ അനുഭവങ്ങളും ദൃശ്യങ്ങളും അവളുടെ ജീവിതം മാറ്റിമറിക്കുന്നു.

ഐഎഫ്എഫ്കെയിലെ ആദ്യ പ്രദർശനത്തിന് ഗംഭീര സ്വീകരണം ലഭിച്ചു

പ്രദർശനം: ധന്യ തീയറ്ററിൽ രാത്രി 8.30ന്

Story Highlights- IFFK

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top