Advertisement

നടൻ സോമന്റെ ഓർമകൾക്ക് 22 വയസ്സ്

December 12, 2019
Google News 2 minutes Read

നടൻ സോമൻ ഓർമയായിട്ട് 22 വർഷം. രണ്ട് പതിറ്റാണ്ടിലേറെ സ്വഭാവ നടനായും വില്ലനായും മലയാള ചലച്ചിത്രലോകത്ത് നിറഞ്ഞാടിയ നടനായിരുന്നു സോമൻ. പൗരുഷമുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ താരം പ്രത്യേക മിടുക്ക് കാട്ടി. സുകുമാരൻ, ജയൻ എന്നീ നടന്മാരുടെ യുവ കാലഘട്ടത്തിൽ തന്നെയാണ് സോമനും തിളങ്ങിനിന്നത്. ആദ്യമായി വിദേശചിത്രീകരണം നടന്ന മലയാള സിനിമയിലെ നായകൻ സോമനാണ്.

1941 ഒക്ടോബർ 28ന് തിരുവല്ലയിലെ മണ്ണടിപ്പറമ്പിൽ ഗോവിന്ദ പണിക്കരുടെയും ഭവാനി അമ്മയുടെയും മകനായാണ് ജനനം. യഥാർത്ഥ നാമം എംജി സോമശേഖരൻ നായർ. പ്രീഡിഗ്രിക്ക് ശേഷം വ്യോമസേനയിൽ ഒമ്പത് വർഷത്തോളം ജോലി ചെയ്തു.

ജോലിക്ക് ചേരുന്നതിന് മുമ്പ് തന്നെ ‘മൺതരികൾ ഗർജിക്കുന്നു’ എന്ന പേരിലൊരു നാടകം എഴുതി അവതരിപ്പിച്ചു. സേനയിലുള്ളപ്പോഴും ഒരുപാട് നാടകങ്ങളുടെ ഭാഗമായി സോമൻ.

1973ൽ പി.എൻ മേനോന്റെ ‘ഗായത്രി’യിൽ രാജാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സോമൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കെഎസ് സേതുമാധവന്റെ ‘ചട്ടക്കാരി’ നടനെന്ന നിലയിൽ നടനെ മുൻനിരയിലെത്തിച്ചു.

മാന്യശ്രീ വിശ്വാമിത്രൻ, ചുവന്ന സന്ധ്യകൾ, സ്വപ്‌നാടനം, രാസലീല, സർവ്വേക്കല്ല്, അനുഭവം, പൊന്നി, പല്ലവി, തണൽ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകൾ.

പിന്നീട് പ്രമുഖ സംവിധായകരുടെ സിനിമകളിലെല്ലാം സോമൻ അവിഭാജ്യ ഘടകമായി മാറി. അഭിനയ ജീവിതത്തിൽ തിരക്കേറിയ കാലത്ത് ഒരു വർഷം 42 ചിത്രങ്ങളിൽ വരെ അഭിനയിച്ചിരുന്നു. 1975ൽ സംസ്ഥാനത്തെ മികച്ച സഹനടനായും അടുത്ത വർഷം മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രിയദർശന്റെ ‘ചിത്രത്തിൽ’ താരതമ്യേന ചെറിയൊരു വേഷമായിരുന്നു സോമൻ ചെയ്തതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. 1997ലിറങ്ങിയ ജോഷിയുടെ ലേലമായിരുന്നു അഭിനയിച്ച അവസാന ചിത്രം. ചിത്രത്തിലെ ‘ആനക്കാട്ടിൽ ഈപ്പച്ചൻ’ എന്ന കഥാപാത്രത്തെ മികച്ച ഡയലോഗുകളിലൂടെ അവിസ്മരണീയമാക്കി താരം. ആ വർഷം ഡിസംബർ 12ന് സോമൻ അന്തരിച്ചു.

 

 

actor mg soman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here