ഐഎഫ്എഫ്‌കെ; ഇന്ന് കാണേണ്ട അഞ്ച് സിനിമകൾ (12.12.2019)

ജസ്റ്റ് ലൈക്ക് ദാറ്റ് (ഇന്ത്യ)
കിസ്ലേ അണിയിച്ചൊരുക്കിയ ചിത്രം. വിധവയായ മിസിസ് ശർമ്മയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഭർത്താവിന്റെ മരണത്തോടെ നടപ്പുരീതികളിൽ നിന്ന് മാറി അവർ ജീവിതം ആസ്വദിക്കാൻ തുടങ്ങുന്നു. അത് ചില സംഘർഷങ്ങൾക്ക് കാരണമാകുന്നു.
ബുസാൻ ചലച്ചിത്രോത്സവത്തിൽ സിനിമ പ്രദർശിപ്പിച്ചു.
പ്രദർശനം: കലാഭവൻ തീയറ്ററിൽ രാവിലെ 9.15ന്
ഹെല്ലാറോ (ഇന്ത്യ)
ഗുജറാത്തി സംവിധായകൻ അഭിഷേക് ഷാ അണിയിച്ചൊരുക്കിയ പിരിയോഡിക്കൽ ഡ്രാമ. ഗുജറാത്തിലെ പുരുഷ മേൽക്കോയ്മയുള്ള ഒരു ഗ്രാമത്തിലേക്ക് വിവാഹം ചെയ്തയച്ച മഞ്ജരിയുടെ ജീവിതമാണ് സിനിമ ചർച്ച ചെയ്യുന്നത്. കുടിവെള്ളത്തിനായി ദൂരെയുള്ള ജലാശയത്തിലേക്ക് പോകുമ്പോഴാണ് ഇവർ അല്പമെങ്കിലും സ്വാതന്ത്ര്യം അനുഭവിക്കുന്നത്. അങ്ങനെയൊരു യാത്രക്കിടെ അവർ ഒരു അപരിചിതനെ കണ്ടുമുട്ടുന്നു.
ഒട്ടേറെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം ഇക്കൊല്ലത്തെ ഏറ്റവും മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരം നേടി.
പ്രദർശനം: കലാഭവനിൽ രാത്രി 8.45ന്.
ലേ മിസറബിൾസ് (ഫ്രാൻസ്)
ഫ്രഞ്ച് സംവിധായകൻ ലാജ് ലിയുടെ ചിത്രം.ആന്റി ക്രൈം സ്‌ക്വാഡിൽ ചേരുന്ന സ്റ്റീഫൻ തന്റെ സഹപ്രവർത്തകർക്കൊപ്പം പ്രാദേശിക ഗുണ്ടാ സംഘങ്ങളെ കണ്ടെത്തുന്നു. ഏറ്റുമുട്ടലിലൂടെ ഇവരെ കീഴടക്കുന്നത് ഒരു ഡ്രോൺ ക്യാമറ പകർത്തുന്നു. അത് ചില പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു.
കാൻസ് ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചു.
പ്രദർശനം: ധന്യ തീയറ്ററിൽ ഉച്ചക്ക് 12ന്.
മൈ ഡിയർ ഫ്രണ്ട് (ചൈന)
ചൈനീസ് സംവിധായകൻ പിംഗാഡോ യങ് ഒരുക്കിയ സിനിമ. ബാല്യകാല ഓർമ്മകൾ നഷ്ടപ്പെട്ട സോംഗ്ഷങ് തന്റെ പഴയകാല സുഹൃത്ത് യുയിയെ ഒപ്പം കൂട്ടി 300 കിലോമീറ്റർ അകലെയുള്ള തന്റെ ഗ്രാമത്തിലേക്ക് പോകുന്നു. അവിടെ വെച്ച് അവർ തങ്ങളുടെ കുട്ടിക്കാലം വീണ്ടെടുക്കാൻ ശ്രമിക്കുന്നു.
പ്രദർശനം: കൈരളി തീയറ്ററിൽ ഉച്ച തിരിഞ്ഞ് 3 മണിക്ക്.
ദി പ്രൊജക്ഷനിസ്റ്റ് (ഡൊമിനിക്കൻ റിപ്പബ്ലിക്)
ഹോസെ മരിയ കാബ്രൽ എന്ന പ്രശസ്ത സംവിധായകന്റെ ചിത്രം. എലിസോ എന്ന സിനിമാ ഓപ്പറേറ്റർ സിനിമാ റീലിൽ കാണുന്ന ഒരു പെൺകുട്ടിയെ അഗാധമായി പ്രണയിക്കുന്നു. ഒരു അപകടത്തിൽ ആ റീൽ നഷ്ടമാകുന്നതോടെ അയാൾ തന്റെ പ്രണയിനിയെ തിരഞ്ഞ് ഇറങ്ങുന്നു. അവിടെ അയാളെ കാത്തിരിക്കുന്നത് ചില സവിശേഷ സംഭവങ്ങളാണ്.
പ്രദർശനം: ധന്യ തീയറ്ററിൽ വൈകിട്ട് ആറിന്.
iffk 2019, today’s must watch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here