‘യൂണിഫോം ഇട്ട് മോർച്ചറിയിൽ മലർന്ന് കിടക്കുവാ, ഹൃദയം പൊട്ടിപ്പോയി’; പൊലീസുകാരൻ പറയുന്നു

പിൻ സീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഇതിനിടെ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞ് വീഴ്ത്തിയത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനിടെ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത വിദ്യാർത്ഥികളെ തടഞ്ഞു നിർത്തി മാതൃകാപരമായ നിർദേശങ്ങൾ നൽകുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ശ്രദ്ധേയമാകുകയാണ്. പാലക്കാട് തൃത്താലയിലാണ് സംഭവം.

പൊലീസ് പിടിച്ചതോടെ ഭയന്ന് നിന്ന വിദ്യാർത്ഥികളുടെ തലയിൽ ഹെൽമെറ്റ്‌വച്ചുകൊടുത്താണ് ഉദ്യോഗസ്ഥൻ മാതൃകയായത്. കൂടെയുള്ള വിദ്യാർത്ഥിയോടും ഹെൽമറ്റ് ധരിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. ആയിരം രൂപ പിഴ ഈടാക്കേണ്ടതാണ്. പിഴ ഈടാക്കാൻ അറിയാത്തതുകൊണ്ടല്ല. ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ്. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതുകൊണ്ടാണ് അധികം മരണങ്ങളും സംഭവിക്കുന്നത്.  കഴിഞ്ഞ രണ്ടുമാസം മുൻപ് ഒരു ഇൻക്വസ്റ്റിന് പോയി, നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തൻ മോർച്ചറിയിൽ ഇങ്ങനെ മലർന്ന് കിടക്കുവാ. മുടിയൊക്കെ നന്നായി വാർന്ന് വച്ച് യൂണിഫോമിൽ ആ പയ്യൻ മരിച്ചുകിടക്കുന്ന കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി. അച്ഛനും അമ്മയും ഇത്രയുമൊക്കെ വളർത്തിയത് മറക്കരുത്. അപമാനിക്കാൻ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞുവയ്ക്കുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More