കട്ടിപ്പാറ ആദിവാസി കോളനിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. രാത്രി 7 മണിയോടെ വീടിന് പിന്നിൽ നിന്ന് കരച്ചിൽ കേട്ടിരുന്നുവെന്ന് മരിച്ച രോണുവിന്റെ പിതാവ് രാജഗോപാലൻ പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസികോളനിയിലെ രാജഗോപാലന്റെയും ലീലയുടെയും മകനായ രോണുവിനെയാണ് വ്യാഴാഴ്ച രാത്രി വീടിന് പിൻഭാഗത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുറത്ത് പോയ രാജഗോപാലൻ രാത്രി ഏഴ് മണിയോടെ തിരിച്ചുവരുമ്പോൾ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടിരുന്നു. രോണുവിനെ വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് പരിസരത്തെല്ലാം തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. രാത്രി 11മണിയോടെ വീണ്ടും തെരച്ചിൽ നടത്തിയപ്പോഴാണ് കാടിനോട് ചേർന്ന് മകൻ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് രാജഗോപാലൻ പറഞ്ഞു.

രാത്രി 12 മണിയോടെ താമരശേരി പൊലീസ് സ്ഥലത്ത് എത്തി. രാവിലെ പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്ത് മൽപ്പിടുത്തം നടത്തിയതിന്റെ അടയാളങ്ങൾ കണ്ടെത്തി. രോണുവിന്റെ കഴുത്തിൽ വലിയ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചെവിയിൽ നിന്നും രക്തം ഒലിക്കുന്ന നിലയിലായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതായും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് പറഞ്ഞു.

ഫോറൻസിക് സംഘം പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏതാനും പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top