Advertisement

‘ ഹെല്‍മറ്റ് വേട്ടയ്ക്ക് കാട്ടിയ ശുഷ്‌കാന്തി കുഴികളടയ്ക്കാന്‍ കാണിച്ചിരുന്നെങ്കില്‍ മകനെ നഷ്ടമാവില്ലായിരുന്നു’: യദുലാലിന്റെ അച്ഛന്‍

December 13, 2019
Google News 1 minute Read

പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി യുവാവിന്റെ അച്ഛന്‍. ‘ഹെല്‍മറ്റ് വേട്ടയ്ക്ക് സര്‍ക്കാരും അധികൃതരും കാട്ടിയ ശുഷ്‌കാന്തി റോഡിലെ കുഴികളടയ്ക്കാന്‍ കാണിച്ചിരുന്നെങ്കില്‍ എന്റെ മകനെ നഷ്ടമാവില്ലായിരുന്നു’ . പോളിടെക്‌നിക്ക് കഴിഞ്ഞ് ആറുമാസത്തെ കോഴ്‌സ് പഠിക്കുകയായിരുന്നു യദു. ഫീസ് അടയ്ക്കാനായി 5000 രൂപയും വാങ്ങി പോയതാണ്. ആശുപത്രിയില്‍ നിന്ന് പൊലീസുകാര്‍ തന്ന അവന്റെ പേഴ്‌സില്‍ ആ രൂപയുണ്ടായിരുന്നു. ആ രൂപ അവന് അവിടെ എത്തിക്കാന്‍ സാധിച്ചില്ല. നഷ്ടം എന്റെയും കുടുംബത്തിന്റെയും മാത്രമാണെന്നും മരിച്ച യദുലാലിന്റെ അച്ഛന്‍ ലാല്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.

അതേസമയം യദുവിന്റെ കുടുംബത്തിന് അടിയന്തരമായി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തീരാദുരിതത്തിലാണ് യദുലാലിന്റെ കുടുംബം. അഞ്ച് വര്‍ഷമായി കാന്‍സര്‍ രോഗിയാണ് അമ്മ നിഷ. അലര്‍ജിരോഗിയായ അച്ഛനും ജോലിയില്ല. യദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആവശ്യമുന്നയിച്ച് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇന്നലെയാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയില്‍ വീണ് യുവാവ് മരിച്ചത്. റോഡിലേക്ക് തെറിച്ചുവീണ യദുലാലിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാന്‍ സാധിച്ചില്ല.

Story highlights- palarivattom accident, died, palarivattom metro station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here