പൗരത്വ ഭേദഗതി നിയമം; കേരളത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിക്കും- മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളം യോജിച്ച പ്രക്ഷോഭം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഡിസംബര്‍ 16-ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നത്. സാംസ്‌കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ടികളിലും സംഘടനകളിലും പെട്ടവര്‍ അഭിവാദ്യം അര്‍പ്പിക്കും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ നിലനില്‍പ്പിന് ഭരണഘടനയും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. അതിനായുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ ശബ്ദമാണ് യോജിച്ച പ്രക്ഷോഭവേദിയില്‍ ഉയരുക. ഈ പ്രക്ഷോഭത്തോടും അതുയര്‍ത്തുന്ന മുദ്രാവാക്യത്തോടും മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുതായി മുഖ്യമന്ത്രി പറഞ്ഞു.
Story Highlights- Citizenship Amendment Act, Kerala protest, ruling and opposition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here