പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം; ഇന്ത്യാ സന്ദർശനം വേണ്ടെന്നുവച്ച് ജപ്പാൻ പ്രധാനമന്ത്രി

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമായിരിക്കെ ഇന്ത്യാ സന്ദർശനം വേണ്ടെന്നുവച്ച് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. ഗുവാഹത്തിയിൽ നടക്കുന്ന വാർഷിക ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ ഡിസംബർ 15ന് ആബെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഡിസംബർ 15ന് ഇന്ത്യയിലെത്തി 17ന് തിരിച്ചുപോകുന്ന രീതിയിലായിരുന്നു ഷിൻസോ ആബെയുടെ സന്ദർശനം തീരുമാനിച്ചിരുന്നത്. 15ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. ജപ്പാൻ പ്രധാനമന്ത്രിക്കൊപ്പം വാണിജ്യ, വ്യവസായ രംഗത്തെ പ്രമുഖരും എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. അസം, ത്രിപുര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. അസമിൽ ബിജെപി എംഎൽഎയുടെ വീടിന് പ്രക്ഷോഭക്കാർ തീയിട്ടിരുന്നു. അസമിൽ സിആർപിഎഫ് നടത്തിയ വെടിവയ്പിൽ മൂന്ന് പേർ മരിച്ചിരുന്നു.
story highlights- Shinzo Abe, citizenship amendment bill, jappan prime minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here