ഉദയംപേരൂർ കൊലക്കേസ്; പ്രതികളെ തൃപ്പൂണിത്തുറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

ഉദയംപേരൂർ വിദ്യാ കൊലക്കേസ് പ്രതികളായ പ്രേംകുമാറിനേയും സുനിത ബേബിയേയും തൃപ്പൂണിത്തുറയിലും പരിസര പ്രദേശങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്തും തിരുനെൽവേലിയിലും എത്തിച്ച് തെളിവുകൾ ശേഖരിക്കും. കൂടാതെ വിദ്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
പ്രതി പ്രേംകുമാറും കൊല്ലപ്പെട്ട വിദ്യയും ഒരുമിച്ച് താമസിച്ചിരുന്ന ഉദയംപേരൂർ ആമേട ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. വിദ്യ ഉള്ളപ്പോഴും സുനിത വീട്ടിൽ വന്നിട്ടുള്ളതായി പ്രേംകുമാർ നേരത്തെ മൊഴി നൽകിയിരുന്നു. സുനിത ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു പ്രതികളെയും ആമേടയിലെ വീട്ടിൽ എത്തിച്ച് തെളിവെടുത്തത്.
കൂടാതെ പ്രേംകുമാറും വിദ്യയും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയിൽ നിന്നും പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഇതിന് ശേഷം കൊല നടത്താൻ ഉപയോഗിച്ച കയർ വാങ്ങിയ തൃപ്പൂണിത്തുറ മേക്കരയിലെ കടയിലും മദ്യം വാങ്ങിയ ചൂരക്കാടുള്ള ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി വിദ്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും.
അടുത്ത ദിവസങ്ങളിൽ കൊലപാതകം നടന്ന തിരുവനന്തപുരം പേയാടിലുള്ള ഗ്രാന്റ് ടെക് വില്ലയിലും മൃതശരീരം ഉപേക്ഷിച്ച തിരുനെൽവേലിയിലും പ്രതികളെ തെളിവെടുപ്പിനായി കൊണ്ടു പോകും. ഈ മാസം 24 വരെയാണ് പ്രതികളെ കോടതി, പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
Story highlight: Udayamperoor murder case, Thrippunithura, evidence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here